എടിഎം സേവനനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അനുവാദം തേടി ബാങ്കുകള്‍

0
60
Hand of man with credit card, using a ATM

മുംബൈ: പരിപാലന ചെലവും ഇന്റര്‍-ബാങ്ക് ഇടപാട് ചെലവും വര്‍ധിച്ചതിനെ തുടര്‍ന്ന് എടിഎം സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ആര്‍ബിഐയോട് അനുവാദം തേടി ബാങ്കുകള്‍. നോട്ട് അസാധുവാക്കലിനുശേഷം എടിഎം ഇടപാടുകള്‍ കുറഞ്ഞതിനെതുടര്‍ന്ന് പരിപാലന ചെലവ് കൂടിയതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അക്കൗണ്ടുള്ള ബാങ്കിന്റേതല്ലാതെയുള്ള എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ തമ്മില്‍ നല്‍കുന്ന ഇടപാടിനുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകളുമായി ചര്‍ച്ച ചെയ്ത പെയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ആര്‍ബിഐയെ സമീപിച്ചത്. സ്വകാര്യ ബാങ്കുകളില്‍നിന്നാണ് ഈ ആവശ്യം ആദ്യമുയര്‍ന്നത്. അതേസമയം, വന്‍കിട പൊതുമേഖല ബാങ്കുകള്‍ ഇതിനെതിരെ രംഗത്തെത്തിയതായാണ് സൂചന. ഇത് കനത്ത ബാധ്യത വരുത്തുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

സുരക്ഷാ സംവിധാനമൊരുക്കുന്നതിനും നോട്ട് അസാധുവാക്കലിനുശേഷം പുതിയ വലിപ്പത്തിലുള്ള നോട്ടുകള്‍ നിറയ്ക്കുന്നതിനുവേണ്ടി എടിഎമ്മുകളിലെ ട്രേകളുടെ വലിപ്പം മാറ്റുന്നതിനും വമ്പന്‍ തുക ചെലവാക്കേണ്ടിവന്നതായി ബാങ്കുകള്‍ പറയുന്നു. പുതിയ വലിപ്പത്തിലുള്ള നോട്ടുകള്‍ നിറയ്ക്കുന്നതിനായി മൂവായിരം രൂപയിലേറെ ചെലവാണ് ഒരു എടിഎമ്മിനു മാത്രമായി വേണ്ടത്.