ഓഖി ദുരിത ബാധിതര്‍ക്കുള്ള ധനസഹായം മുഖ്യമന്ത്രി കൈമാറി

0
68

തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്‍ക്കുള്ള ധനസഹായം മുഖ്യമന്ത്രി കൈമാറി. ഓഖി ദുരന്തബാധിതരുടെ പുന:രധിവാസം പൂര്‍ണമായും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ട് ലക്ഷം രൂപയും ചേര്‍ത്താണ് സഹായം. കാണാതായവരെ കണ്ടെത്താനായില്ലെങ്കിലും ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരച്ചില്‍ നടക്കുന്ന കാലത്ത് ഈ തുകയുടെ പലിശയ്ക്ക് തുല്യമായ തുക ആശ്രിതര്‍ക്ക് പ്രതിമാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടംബങ്ങള്‍ക്ക് ആദ്യം പത്തുലക്ഷം വീതമായിരുന്നു സഹായധനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ലത്തീന്‍ സഭ ഉള്‍പ്പെടെ രംഗത്തെത്തിയതോടെ സര്‍വകക്ഷിയോഗം വിളിച്ച് തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ ആറിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓഖി ദുരിതബാധിതര്‍ക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും ജോലി ചെയ്യാന്‍ കഴിയാത്തവിധം പരുക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതവുമാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്ന പത്ത് ലക്ഷത്തിന് പുറമെ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ഫിഷറീസ് വകുപ്പ് എന്നിവയില്‍ നിന്നുള്ള അഞ്ച് ലക്ഷം വീതവും ചേര്‍ത്താണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം നല്‍കുന്നത്. ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായവര്‍ക്ക് ജീവിതോപാധി എന്ന നിലയിലാണ് അഞ്ച് ലക്ഷം വീതം നല്‍കുന്നത്.

കേന്ദ്രസഹായമായി കേരളം 7,430 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ അടിയന്തരസഹായമായി കേന്ദ്രം 133 കോടി അനുവദിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്നെത്തിയ ആറംഗസംഘം ഓഖിബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി നാശനഷ്ടങ്ങള്‍ നേരിട്ട് വിലയിരുത്തി. ഡിസംബര്‍ 26 മുതല്‍ 29 വരെയായിരുന്നു കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. ആഭ്യന്തരവകുപ്പ് സെക്രട്ടറി വിപിന്‍ മാലികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.
അതേസമയം, 404 കോടി രൂപയുടെ അടിയന്തരധനസഹായത്തിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുമെന്ന് വിപിന്‍ മാലിക് വ്യക്തമാക്കി. മാനദണ്ഡമനുസരിച്ച് ബാക്കിയുള്ള 38 കോടിരൂപ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.