കഥാസാഹിത്യരംഗത്ത് പുത്തന്‍ പ്രവണതകള്‍ ദൃശ്യം; ചെറുകഥയുടെ ഭാവി ശോഭനം: എന്‍.പ്രഭാകരന്‍

0
351

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: കവിതകളെ അപേക്ഷിച്ച് മലയാള കഥാസാഹിത്യം വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നെന്നു പ്രമുഖ സാഹിത്യകാരന്‍ എന്‍.പ്രഭാകരന്‍ 24 കേരളയോടു പറഞ്ഞു.

പുത്തന്‍ പ്രവണതകള്‍ മലയാള കഥാസാഹിത്യ രംഗത്ത് ദൃശ്യമാണ്. വഴി മാറി സഞ്ചരിക്കുന്ന പ്രവണതകള്‍ മലയാള ചെറുകഥാ രംഗത്ത് ഇപ്പോള്‍ ശക്തമാണ്. പാരമ്പര്യവഴികളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന പ്രവണതകള്‍ പ്രകടിപ്പിച്ച് തുടങ്ങിയതോടെ മലയാള ചെറുകഥയുടെ ഭാവി ശോഭനമാണ് എന്ന് പറയാന്‍ കഴിയും.

കഴിഞ്ഞ വര്‍ഷം  ഒന്നാംതരം കഥകള്‍ മലയാള കഥാ സാഹിത്യ രംഗത്ത് വന്നു. ഇതുവരെ സാഹിത്യത്തില്‍  ആവിഷ്ക്കരിക്കപ്പെടാത്ത ഒട്ടനവധി ജീവിത മേഖലകള്‍ ഇവരുടെ കഥകളില്‍ ദൃശ്യമാണ്. ഇവരുടെ സമീപനം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഇവരില്‍ പ്രതീക്ഷയര്‍പ്പിക്കാം.

മലയാള സാഹിത്യ രംഗത്ത് പുത്തന്‍ ട്രെന്‍ഡുകള്‍ ദൃശ്യമാവുകയാണ്. വിനോയ്‌ തോമസ്‌, എസ്.ഹരീഷ്, ഫ്രാന്‍സിസ് നെറോണ, യമ, കെ.വി.പ്രവീണ്‍, വി.ദിലീപ്. കഥാസാഹിത്യം സ്പര്‍ശിക്കാത്ത മേഖലകളിലേക്കാണ്  ഇവരുടെ പോക്ക്. ഇവര്‍ ധീരമായി കഥാ രംഗത്ത് മുന്നോട്ട് പോകുന്നു. വലിയ പ്രതീക്ഷകള്‍ ഉണ്ടാക്കുന്നു.

വളരെയധികം മൌലികതകള്‍ ഉള്ള എഴുത്തുകാരാണ് പുതുതായി കഥാസാഹിത്യ രംഗത്തേക്ക് കടന്നു വന്നിട്ടുള്ളത്. . സ്വതന്ത്രമായി ചിന്തിക്കുന്ന എഴുത്തുകാര്‍ എന്ന് പറഞ്ഞാല്‍ അത് ഭാഷയ്ക്ക് മുതല്‍ക്കൂട്ടാണ്. പുതുതലമുറ എഴുത്തുകാര്‍ ആരോടും വിധേയത്വം കാണിക്കുന്നില്ല എന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. റേഞ്ച് ഉള്ള എഴുത്തുകാര്‍ സാഹിത്യത്തില്‍ വരുന്നത് മലയാള സാഹിത്യത്തിനു ഗുണകരമാണ്.

കവിതയില്‍ എസ്.ജോസഫ്, ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, കല്‍പ്പറ്റ നാരായണന്‍ എന്നിവര്‍ ശക്തരായി നിലനില്‍ക്കുന്നുണ്ട്. മലയാളത്തിലെ പുതു തലമുറ കഥാകൃത്തുക്കള്‍ ജീവിതത്തിലെ പുതിയ അനുഭൂതികളും അനുഭവങ്ങളും സ്വാംശീകരിച്ച് വിവിധ അനുഭൂതികള്‍ നല്‍കി മുന്നോട്ട് പോയപ്പോള്‍ കവിത ഒന്ന് പുറകോട്ടു പോയ പോലെയുള്ള അനുഭവമുണ്ടായി.

നിലവിലെ കവിതകള്‍ക്ക് വൈപുല്യം സാധ്യമാകാത്ത അവസ്ഥയുണ്ടായി. ചില കവിതകള്‍ എല്ലാ ധാരണകളെയും പൊളിച്ചെഴുതി മുന്നോട്ട് പോയിട്ടുണ്ട്. അത് നിഷേധിക്കുന്നില്ല. പക്ഷെ പൊതുവില്‍ പറയുമ്പോള്‍ കവിത പുറകോട്ടു പോയപോലെ ഒരു ഫീല്‍ വരുന്നുണ്ട്. അന്‍വര്‍ അലിയുടെ മെഹബൂബ് എക്സ്പ്രസ് നല്ല കവിതയായിരുന്നു.

എസ്.ജോസഫിന്റെ കുറെ കവിതകള്‍ വന്നു. പി.എന്‍.ഗോപീകൃഷ്ണന്റെ കുറെ കവിതകള്‍ വന്നു. പക്ഷെ കഥ വലിയ റേഞ്ചില്‍ മുന്നോട്ട് കുതിച്ചപ്പോള്‍ കഥ നിലവില്‍ മുന്നില്‍ തന്നെയാണ്. മനുഷ്യാവസ്ഥകളുടെ വിപുലമായ തലങ്ങള്‍ തന്നെ ചില കഥകളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മലയാള സാഹിത്യത്തിലെ ഒരു പുതിയ ഘട്ടം തന്നെ ഇപ്പോള്‍ തുറന്നു വന്നിരിക്കുന്നു.

ചില കവിതകള്‍ കവിതയല്ലാ എന്ന വിമര്‍ശനത്തില്‍ കാര്യമില്ല. പഴയ ഒരു കാവ്യാനുശീലനം കൊണ്ട് പറയുന്ന കാര്യമാണിത്. ഈ പറച്ചിലില്‍ വലിയ കാര്യമില്ല. കവിതകളെക്കുറിച്ചുള്ള ചില ധാരണകള്‍ മനസ്സില്‍ ഉറച്ച് പോയതുകൊണ്ട് പറയുന്ന കാര്യമാണിത്. മലയാള കവിതയില്‍ സംഭവിച്ച പരിണാമം ശ്രദ്ധിക്കാത്ത ആളുകളുടെ പ്രതികരണമാണിത്.

കവി പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കനുസരിച്ച് വൃത്തം ആവാം. അല്ലാതെയും കവിതയെഴുതാം. അത് കവിയുടെ തീരുമാനമാണിത്. ഈ രണ്ടു രൂപത്തിലും നല്ല കവിതകളുണ്ട്.

സാഹിത്യ അക്കാദമിയും ചെറുകഥാ രംഗം മെച്ചപ്പെടുത്താന്‍ നൂതന രീതികളുമായി രംഗത്തുണ്ട്. കടലെഴുത്തുകള്‍ എന്ന് പറഞ്ഞു അവര്‍ നീലേശ്വരത്ത് വളരെ നല്ല പരിപാടി സംഘടിപ്പിച്ചിരുന്നു. ആദ്യമായിട്ടാണ് അവര്‍ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്.

കണ്ണൂര്‍ യൂണിവേഴ്സിയുടെ ഓഫ് ക്യാമ്പസ് ആയ നീലേശ്വരം വെച്ച് ഒരു ചെറുകഥ ശില്പശാല കൂടി നടത്തിയിരുന്നു. വളരെ നല്ല രീതിയില്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇതും. ഇതൊക്കെ തന്നെ മലയാള കഥയുടെ ഭാവി ശോഭനമാകുന്നു എന്ന അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു.

Related Links

കവിതയെന്ന പേരില്‍ കൊട്ടിഘോഷിക്കുന്നതെല്ലാം വെറും ഉത്പന്നങ്ങള്‍ മാത്രം: ജോര്‍ജ് ഓണക്കൂര്‍