ജി.സുധാകരന്റെ കവിതയെ പരിഹസിച്ച് ജയശങ്കര്‍: വേഡ്‌സ് വര്‍ത്തിന് പോലും ഇങ്ങനെ എഴുതാന്‍ കഴിയില്ല

0
98

കൊച്ചി: മന്ത്രി ജി.സുധാകരന്റെ ഇംഗ്ലീഷ് കവിതയെ പരിഹസിച്ച് അഡ്വക്കേറ്റ് എ. ജയശങ്കര്‍. ജി.സുധാകരന്റെ ശ്രീധര്‍മ്മ ശാസ്തവിനെക്കുറിച്ചുള്ള ഇംഗ്ലീഷ് കവിതയെ പരിഹസിച്ചാണ് ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍, മന്ത്രിയുടെ പുതിയ കവിത മാര്‍ക്‌സിനെ പറ്റിയല്ല,ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ ഭഗവാന്‍ ശ്രീധര്‍മ്മശാസ്താവിനെ പ്രകീര്‍ത്തിക്കുന്നതാണ്- അതും ഇംഗ്ലീഷില്‍- ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വേഡ്‌സ് വര്‍ത്തിനു പോലും ഇങ്ങനെ എഴുതാന്‍ കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മണിയാശാനെപ്പോലെയോ ശൈലജട്ടീച്ചറെ പോലെയോ വെറുമൊരു മാർക്സിസ്റ്റ് മന്ത്രിയല്ല, ജി സുധാകരൻ. കൊല്ലം എസ് എൻ കോളേജിൽ പഠിച്ച് കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് എംഎ പാസായിട്ടുണ്ട്. ഷേക്സ്പിയർ, ഷാ, ഗാൽസ്വർത്തി, കീറ്റ്സ്, ഷെല്ലി, ബൈറൻ, ടെനിസൻ ഒക്കെ ബൈഹാർട്ടാണ്.

മരാമത്തു വകുപ്പിലെ ജോലിത്തിരക്കിലും മന്ത്രി കവിത എഴുതുന്നുണ്ട്- മലയാളത്തിലും ഇംഗ്ലീഷിലും.

മഹത്തായ റഷ്യൻ വിപ്ലവത്തിൻ്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ, മന്ത്രിയുടെ പുതിയ കവിത മാർക്സിനെ പറ്റിയല്ല,ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ ഭഗവാൻ ശ്രീധർമ്മശാസ്താവിനെ പ്രകീർത്തിക്കുന്നതാണ്- അതും ഇംഗ്ലീഷിൽ.

The Great Open Secret എന്ന കവിത വിശ്വസാഹിത്യത്തിനു മുതൽക്കൂട്ടാണ്. നോക്കൂ:
“Nature rules the Nature
No rule over the Nature
Who goes above the Nature
Never returns!
He returns to the soil
For he traverses
With the Nature’s pavement
And there is nothing above the Nature”

ഇങ്ങനെ എഴുതാൻ വേഡ്സ് വർത്തിനു പോലും കഴിയില്ല. അതാണ് സഖാവ് സുധാകരൻ. അതുകൊണ്ടാണ് അദ്ദേഹത്തെ മഹാകവി ജി എന്നു വിളിക്കുന്നത്.

പത്തു കൊല്ലം മുമ്പ്, ദേവസ്വം മന്ത്രിയായിരുന്ന സുധാകരൻ ശബരിമലയ്ക്കു പോയതും ശ്രീകോവിലിനു നേരെ കൈകൂപ്പാഞ്ഞതും ‘അയ്യപ്പ സ്വാമിക്ക് ശക്തിയുണ്ടെങ്കിൽ ഇയാൾക്ക് പണികിട്ടും’ എന്ന് ആർ ബാലകൃഷ്ണപിളള ശപിച്ചതും അധികം വൈകാതെ ദേവസ്വം വകുപ്പ് കടന്നപ്പളളിക്കു കൊടുത്തതും ഓർമ്മിക്കുക.

ഇപ്പോൾ അതേ അയ്യപ്പ സ്വാമിയെക്കുറിച്ച് സുധാകരൻ എഴുതുന്നു:
“Swami is Guru
Swami is Kin
Swami is the Guide
Swami is the Nature
The Omnipotent
The Omnipresent
And all powerful.”

അയ്യപ്പസ്വാമിയുടെ ഓരോ ലീലാവിലാസങ്ങൾ എന്നല്ലാതെ എന്തു പറയാൻ കഴിയും? സ്വാമിയേ ശരണമയ്യപ്പ!