ജൂനിയര്‍ ഡോക്ടര്‍മാരുടെ അപ്രഖ്യാപിത സമരത്തിനെതിരെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

0
43

തിരുവനന്തപുരം: അടിക്കടിയുള്ള അപ്രഖ്യാപിത സമരത്തില്‍ നിന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ പിന്‍മാറണമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ എംഎസ് ഷര്‍മദ് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം സമരത്തില്‍ നിന്നും പിന്‍മാറുന്നു എന്നറിയിച്ചിട്ട് പെട്ടെന്ന് സമരം പ്രഖ്യാപിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചുവെന്ന വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ ഒ.പിയില്‍ കൂടുതല്‍ രോഗികള്‍ എത്തി തുടങ്ങിയിട്ടുണ്ട്.

രോഗികളുടെ ജീവന്‍ വെച്ച് പന്താടുന്ന നടപടികളില്‍ നിന്നും പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പിന്‍മാറണമെന്നും സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചു. പണിമുടക്കിനെ സംബന്ധിച്ച് സൂപ്രണ്ടിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സമരത്തില്‍ നിന്നും അടിയന്തരമായി പിന്‍മാറിയില്ലെങ്കില്‍ മനുഷ്യജീവനടക്കം സമരക്കാര്‍ സമാധാനം പറയേണ്ടി വരുമെന്നും സൂപ്രണ്ട് അറിയിച്ചു.

ഡോക്ടര്‍മാര്‍ ചെയ്യുന്നത് ആതുരസേവനമാണ്. അതിനാല്‍ ഇത്തരത്തില്‍ സമരം ചെയ്യുന്നതിന്റെ അപാകതകള്‍ അധ്യാപക സംഘടനകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞ് കൊടുത്ത് മനുഷ്യത്വരഹിതമായ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചു.