പുതുവര്‍ഷപ്പിറവി നന്മയുടെ ചരിത്രമെഴുതട്ടെ!

0
120

    ആര്യ മുരളീധരന്‍

നെയ്തെടുക്കുന്ന പ്രതീക്ഷകളും സ്വപ്നങ്ങളും ഇഴ ചേര്‍ന്നാണ് ഓരോ പുതുവര്‍ഷവും പിറവിയെടുക്കുന്നത്. പിരിഞ്ഞു പോകുന്ന വര്‍ഷത്തെ തിരിഞ്ഞു നോക്കി യാത്ര പറയുമ്പോള്‍ നോവിനൊപ്പം കൂടെ കൂട്ടുന്നത് നിറമുള്ള ലക്ഷ്യങ്ങളെയാണ്. ഓരോ വര്‍ഷവും നല്‍കുന്നത് പുതിയ പ്രതീക്ഷകളാണ്. ചിരിയും, വേദനയും ഇടകലര്‍ന്ന ഒരു വര്‍ഷം പടിയിറങ്ങുമ്പോള്‍ വരും വര്‍ഷം പ്രത്യാശകളുടെ വര്‍ണ്ണ പ്രഭ നിറയ്ക്കുന്നതാകെട്ടെ എന്നാശംസിക്കുന്നു. കാലത്തിന്റെ കഥ പറയുന്ന നല്ല സിനിമകളും, സമൂഹത്തിന്റെ മനസ്സറിയുന്ന എഴുത്തുകളും, നല്ല വാര്‍ത്തകളും പുതുവര്‍ഷത്തിന്റെ മുഖ മുദ്രയാകട്ടെയെന്ന് പ്രതീക്ഷിക്കാം. നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും കഥ പറഞ്ഞ നിരവധി വര്‍ഷങ്ങള്‍ വിടര്‍ന്ന് കൊഴിഞ്ഞു പോകുമ്പോള്‍ പിറവിയെടുക്കുന്ന പുത്തന്‍ വര്‍ഷം സ്വപ്നസാക്ഷാത്കാരങ്ങളുടേതാകാനാണ് ഏവരും ആശിക്കുന്നത്.

നിരവധി നേട്ടങ്ങള്‍ ഭാരതത്തിന് സമ്മാനിച്ചാണ് 2017 പടിയിറങ്ങിയത്. കിതപ്പും കുതിപ്പും ഒരു പോലെ ആവേശം നിറച്ച വര്‍ഷത്തിനൊടുവില്‍ 2018 പുതു വെളിച്ചം വീശി മുന്നില്‍ നില്‍ക്കുകയാണ്. മനുഷ്യനും പ്രകൃതിയും സൗഹൃദത്തിലാകുന്ന ഒരു വര്‍ഷമാകേണ്ടതുണ്ട് 2018. ഓഖി വിതച്ച നാശം വിങ്ങലായി ഉള്ളില്‍ നിറയുമ്പോള്‍ പ്രകൃതിയെ സംരക്ഷിക്കാനുള്ള കടമ നമ്മള്‍ സ്വയം ഏറ്റെടുക്കേണ്ട ആവശ്യകത തിരിച്ചറിയണം. കാടും പുഴയും മരങ്ങളും ജൈവസമ്പത്തും നാശത്തിന്റെ വക്കിലെത്തിയെ സത്യം തിരിച്ചറിയേണ്ടത് നമ്മള്‍ തന്നെയല്ലേ?

എക്കാലത്തെയും ജനപ്രിയ കല സിനിമയാണ്, 2017-ല്‍ വാര്‍ത്തകളില്‍ ഏറ്റവും ഇടം നേടിയ വിഷയങ്ങളില്‍ ഒന്ന് സിനിമ തന്നെ. പുതുവര്‍ഷത്തിലും സാമൂഹിക ബോധമുള്ള, രാഷ്ട്രീയ ബോധമുള്ള നല്ല സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചരിത്രത്തിന്റെ താളുകളില്‍ വ്യക്തമായ സ്ഥാനം സിനിമയ്ക്കുണ്ട്. ലോക സിനിമകളെ ഒരു കുടക്കീഴിലെത്തിക്കുന്ന കേരള അന്തരാഷ്ട്ര ചലച്ചിത്രമേള 2018ലും തലസ്ഥാനത്തെത്തും ഒരു പിടി നല്ല ചിത്രങ്ങളുമായി.

ഓരോ തുടക്കവും പ്രതീക്ഷയുടെ നീരുറവയാണ്. സാംസ്‌കാരിക പൈതൃകവും, കലാ പാരമ്പര്യവും, ചരിത്രമുറങ്ങുന്ന മണ്ണും ഒളിമങ്ങാതെ കാത്തു സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണ്. ആ കടമ നിറവേറ്റാനായി ഏവര്‍ക്കുമൊരുമിച്ചൊരു പുതുവര്‍ഷം ആരംഭിക്കാം.

എല്ലാ സുഹ്യത്തുക്കൾക്കും 24കേരളയുടെ ഹ്യദയം നിറഞ്ഞ പുതുവത്സരാശംസകൾ..