പുതുവല്‍സരത്തില്‍ സമൂഹവിവാഹം; വിചിത്രമായ ആചാരവുമായി ഇന്തോനേഷ്യ

0
81

പുതുവല്‍സരം ആഘോഷിക്കാന്‍ ഓരോരുത്തരും വ്യത്യസ്ത വഴികളാണ് സ്വീകരിക്കുന്നത്. ചിലര്‍ കുടുംബത്തോടൊപ്പം വീട്ടില്‍ ചിലവിടും, ചിലര്‍ യാത്ര പോകും, ന്യൂഇയര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കും.. എന്നാല്‍ വളരെ വിചിത്രമായ രീതിയിലാണ് ഇന്തോനേഷ്യയില്‍ പുതുവര്‍ഷം ആഘോഷിക്കപ്പെട്ടത്.

ഞായറാഴ്ച രാത്രി നൂറു കണക്കിന് ആളുകളാണ് നഗരമദ്ധ്യത്തില്‍ വിവാഹിതരായത്. ഏകദേശം 450 ദമ്പതികളാണ് വിവാഹത്തില്‍ പങ്കുചേര്‍ന്നത്. പുതുവല്‍സരം പിറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ, പ്രാര്‍ത്ഥനചടങ്ങുകള്‍ക്ക് ശേഷം സര്‍ക്കാര്‍ അധികൃതരുടെ മുമ്പില്‍ വച്ച് വധൂവരന്മാര്‍ വിവാഹ ഉടമ്പടിയില്‍ ഒപ്പ് വച്ചു.

സമൂഹവിവാഹം നടത്താനായി ഒരു കൂടാരമാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്. കൂടാതെ പരാമ്പരാഗത സംഗീതവും പോപ് സംഗീതവും പശ്ചാത്തലമായി ഒരുക്കിയിരുന്നു. പരമ്പരാഗത ഇന്തോനേഷ്യന്‍ വസ്ത്രങ്ങളിലാണ് വധൂവരന്മാര്‍ അണിനിരന്നത്.

‘ഇനി മുതല്‍ എല്ലാ പുതുവര്‍ഷ സായാഹ്നങ്ങളിലും ഇത്തരത്തില്‍ സമൂഹവിവാഹങ്ങള്‍ നഗരത്തില്‍ സംഘടിപ്പിക്കും’. ജക്കാര്‍ത്ത ഗവര്‍ണര്‍ ആനീസ് ബാസ്വെഡന്‍ അറിയിച്ചു. ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ദമ്പതികള്‍ക്ക് സ്ത്രീധനം നല്‍കാനായി സംഭാവന ഏര്‍പ്പെടുത്തിയിരുന്നു. ഇന്തോനേഷ്യന്‍ ആചാരപ്രകാരം വിവാഹത്തിനായി വരന്‍ വധുവിന് സ്വര്‍ണം ഉപഹാരമായി നല്‍കണമെന്നാണ്.