മലബാര്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പ് ബാക്കി; കേന്ദ്രമന്ത്രി നഖ്‌വിയുടെ മര്‍ക്കസ് സന്ദര്‍ശനത്തിനു പിന്നിലാര്?

0
452

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: മലബാര്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പ് ബാക്കിയാണ്. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ മര്‍ക്കസ് സന്ദര്‍ശനത്തിനു പിന്നിലെന്ത്? പൊടുന്നനെയാണ് ബിജെപി സംസ്ഥാന നേതാക്കളെക്കൂടി ഞെട്ടിച്ച് ക്രിസ്മസ് ദിനത്തില്‍ നഖ്‌വി  മാര്‍ക്കസിലെത്തി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയത്.

നഖ്‌വിയുടെ  മര്‍ക്കസ് സന്ദര്‍ശനത്തിനു പിന്നില്‍ ചരട് വലിച്ചതാര് എന്ന ചോദ്യമാണ് മലബാര്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ മുഴങ്ങുന്നത്. കേരളത്തിലെ  മുസ്ലിം ജനവിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം പദ്ധതിയിടുന്നുണ്ട്.  കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ കാരന്തൂര്‍ മര്‍ക്കസ് സന്ദര്‍ശനം ഈ നീക്കത്തിന്റെ മുന്നോടിയാണെന്ന് വിലയിരുത്തപ്പെടുന്നു. പക്ഷെ സന്ദര്‍ശനത്തില്‍ രഹസ്യാത്മകത പ്രകടമാണ്. ഇതാണ് മലബാറില്‍ ചര്‍ച്ചയാകുന്നത്.

നഖ്‌വിയുടെ വരവും കാന്തപുരവുമായുള്ള രഹസ്യ കൂടിക്കാഴ്ചയും മലബാറിലെ രാഷ്ട്രീയ നേതൃത്വങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ബിജെപി കേന്ദ്രനേതൃത്വമാണ് നഖ്‌വിയുടെ വരവിനു പിന്നില്‍ ചുക്കാന്‍ പിടിച്ചത്. മാര്‍ക്കസിലെത്തിയ നഖ്‌വി കാന്തപുരവുമായി രഹസ്യകൂടിക്കാഴ്ച നടത്തുകയും മര്‍ക്കസ് തുടങ്ങുന്ന പെൺകുട്ടികൾക്കായുള്ള പുതിയ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

കാന്തപുരവുമായി നഖ് വി നടത്തിയത് രഹസ്യ കൂടിക്കാഴ്ചയായിരുന്നു. സന്ദര്‍ശത്തിനു പിന്നില്‍ കേന്ദ്ര നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്. കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നഖ്‌വിയുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. മുസ്‍ലിംകള്‍ പാര്‍ട്ടിക്കെതിരാണെന്ന പ്രചരണം ശരിയല്ല. കേരളത്തില്‍ മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയോട് അടുക്കുകയാണ്ന- നഖ്‌വി പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റശേഷം പൊതുവേ ബിജെപി വിരുദ്ധ സമീപനത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന മുസ്ലിം നേതാവാണ്‌ കാന്തപുരം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നോട്ടു നിരോധനത്തിന്നെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്ന വേളയില്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന കാന്തപുരം നോട്ട് നിരോധനത്തിനെ അനുകൂലിച്ചാണ് പ്രതികരിച്ചത്.

നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ശേഷം പ്രമുഖ 40 മുസ്ലിം ആത്മീയ നേതാക്കള്‍ മോദിയെ സന്ദര്‍ശിച്ചപ്പോള്‍ അതിലൊരു ആത്മീയ നേതാവ് കാന്തപുരമായിരുന്നു. കാന്തപുരവും മര്‍ക്കസുമായി ബന്ധം പുലര്‍ത്തി ശക്തമായ കാന്തപുരം വിഭാഗം വോട്ടുബാങ്കുകളില്‍ സ്വാധീനം ചെലുത്തുന്നതിനാണ് ബിജെപി കേന്ദ്ര നീക്കം.

ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ മുന്‍ പ്രസിഡനറും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കേരളത്തില്‍ നിന്ന് വഖഫ് ബോര്‍ഡ്‌ അംഗമായി നിയമിതനായ അഡ്വക്കേറ്റ് നൗഷാദും നഖ്‌വിക്കൊപ്പമുണ്ടായിരുന്നു. ഇതില്‍ നിന്നെല്ലാം നഖ്‌വിയുടെ വരവിനു പിന്നിലെ കേന്ദ്ര ബിജെപി നീക്കങ്ങള്‍ വ്യക്തമാണ്.

കേരളത്തില്‍ വേരോട്ടമുള്ള കാന്തപുരം വിഭാഗത്തിന്റെ വോട്ട് ബാങ്കുകളില്‍ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അത് കേരളത്തില്‍ ഒരു ബിജെപി കുതിപ്പിന് ആക്കം കൂട്ടുമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിനു പ്രതീക്ഷയുണ്ട്. കാരണം കേരളത്തില്‍ അധികാരത്തില്‍ വരുക, അല്ലെങ്കില്‍ കിട്ടാവുന്ന പരമാവധി നിയമസഭാ-ലോക്സഭാ സീറ്റുകള്‍ കരസ്ഥമാക്കുക. ഈ ലക്ഷ്യത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം ഊന്നുന്നത്.

ബിജെപിയുടെ ശക്തികേന്ദ്രമായ തിരുവനന്തപുരം ജില്ലയില്‍ നിന്ന് പാര്‍ട്ടിയുടെ ഏറെക്കാലത്തെ അഭിലാഷമായ ഒരു നിയമസഭാ സീറ്റ് നേടിയിട്ടുണ്ട്. നേമത്ത് നിന്ന് ഒ.രാജഗോപാല്‍. അതുപോലെ കാന്തപുരത്തിന്റെ ആസ്ഥാനമായ കോഴിക്കോട് നിന്ന് ഒരു ലോക്സഭാ സീറ്റ് അല്ലെങ്കില്‍ നിയമസഭാ സീറ്റ് അതും ഈ സന്ദര്‍ശനത്തിനു പിന്നിലെ ലക്ഷ്യങ്ങളില്‍ ഒന്നാകുന്നു.

കോഴിക്കോട് ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന നിയമസഭാ മണ്ഡലം കാന്തപുരത്തിന്റെ മര്‍ക്കസ് സ്ഥിതി ചെയ്യുന്ന കുന്ദമംഗലം നിയോജക മണ്ഡലമാണ്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്ദമംഗലത്തില്‍ നിന്ന് വിജയിച്ചത് സിപിഎം പിന്തുണയുള്ള മുന്‍ മുസ്ലിം ലീഗ് നേതാവ് പി.ടി.എ.റഹീമാണ്. പതിനായിരം വോട്ടിന്റെ വ്യത്യാസത്തിനാണ് റഹീമിനോടു യുഡിഎഫ് സ്ഥാനാര്‍ഥി ടി.സിദ്ദിഖ് പരാജയപ്പെട്ടത്.

ഇവിടെ ബിജെപിക്ക് ലഭിച്ച വോട്ട് 30000 ത്തിലും അധികമാണ്. വിജയിച്ച സ്ഥാനാര്‍ഥി പി.ടി.എ.റഹീമിന് ലഭിച്ചതിന്റെ പകുതിയോളം വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ഇവിടെ ലഭിച്ചിട്ടുണ്ട്. ”കേന്ദ്രമന്ത്രി നഖ്‌വിയുടെ സന്ദര്‍ശനത്തിന്റെ കാര്യം ബിജെപി ജില്ലാ നേതൃത്വത്തിനു മുന്‍കൂട്ടി അറിയാമായിരുന്നു. നഖ്‌വിയുടെ കാന്തപുരം സന്ദര്‍ശനത്തിനോട് ബിജെപി എതിര്‍പ്പ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.” ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍ 24 കേരളയോട് പറഞ്ഞു.

നഖ്‌വിയുടെ സന്ദര്‍ശത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്നൊന്നും പറയാന്‍ ഞങ്ങള്‍ തയ്യാറല്ല. പക്ഷെ കാന്തപുരം ബിജെപിക്ക് പ്രത്യക്ഷത്തില്‍ എതിര്‍ സമീപനം സ്വീകരിക്കുന്ന മുസ്ലിം ആത്മീയ നേതാവല്ല. അതുകൊണ്ട് തന്നെ ബന്ധം സുതാര്യമായിരിക്കട്ടെ എന്നും ഞങ്ങള്‍ കരുതി. തിരഞ്ഞെടുപ്പ് പോലുള്ള നിര്‍ണ്ണായക സന്ദര്ഭങ്ങളില്‍ ബിജെപിക്ക് വിജയപ്രതീക്ഷ നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ കാന്തപുരം ഞങ്ങളെ സഹായിക്കും എന്ന ശുഭപ്രതീക്ഷ ബിജെപി വെച്ചു പുലര്‍ത്തുന്നു-ജയചന്ദ്രന്‍ പറയുന്നു.

എന്തായാലും മുസ്ലിം വോട്ട് ബാങ്ക് നിര്‍ണ്ണായകമായി കരുതി മലബാര്‍ മേഖലയില്‍ ഈ വോട്ടുകളെ ആശ്രയിക്കുന്ന സിപിഎം -കോണ്‍ഗ്രസ് കേന്ദ്രങ്ങളിലും നഖ്‌വിയുടെ പെട്ടെന്നുള്ള വരവ് അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് ബാങ്ക് കൂടി ലക്ഷ്യം വെച്ചുള്ള ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കമാണ് നഖ്‌വിയുടെ വരവിനു പിന്നില്‍ എന്ന സൂചനയാണ് നഖ്‌വിയുടെ വരവോടെ ശക്തമാകുന്നത്.