മുത്തലാഖിനെതിരെ പോരാടിയ ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു

0
76

ഹൗറ: മുത്തലാഖിനെതിരെ നിരന്തര പോരാട്ടം നടത്തിയ ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഹൗറ യുണിറ്റില്‍ ഇസ്രത് ചേര്‍ന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുത്തലാഖിനെതിരെ കോടതിയെ സമീപിച്ച അഞ്ചുപേരില്‍ ഒരാളാണ് ജഹാന്‍.
വെസ്റ്റ് ബംഗാള്‍ യുണിറ്റ് ജെനറല്‍ സെക്രട്ടറി സായന്തന്‍ ബസുവാണ് ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്ന വിവരം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. പാര്‍ട്ടിയിലേക്കുള്ള ക്ഷണം ഇസ്രത് സ്വീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബംഗാളിലെ ബിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ജഹാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2014 ലാണ് ഇസ്രതിനെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് ഫോണിലൂടെ മൊഴി ചൊല്ലിയത്. എന്നാല്‍ വിവാഹമോചനം താന്‍ അംഗീകരിക്കില്ലെന്ന് കാട്ടി ജഹാന്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹ അവകാശ ബില്‍ ലോകസഭ പാസാക്കിയത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രം ഇപ്പോള്‍. ഓഗസ്റ്റ് 22 നാണ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന മുത്തലാഖ് താത്കാലികമായി റദ്ദാക്കിയത്. ആറ് മാസത്തിനകം മുത്തലാഖ് നിരോധിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്.