മേഘാലയയില്‍ ബി.ജെ.പിയിലേക്ക് ഒഴുക്ക് തുടരുന്നു; അഞ്ച് എം.എല്‍.എമാര്‍ കൂടി രാജി പ്രഖ്യാപിച്ചു

0
68

ഷില്ലോങ്: മേഘാലയയില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൂടുതല്‍ പേര്‍ ബി.ജെ.പിയിലേക്ക്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അലക്‌സാണ്ടാര്‍ ഹേക്കാണ് ഒടുവില്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ നാല് എം.എല്‍.എമാര്‍ കൂടി രാജി പ്രഖ്യാപനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഇവര്‍ ഗവര്‍ണര്‍ക്ക് രാജി കൈമാറും.തുടര്‍ന്ന് അന്ന് തന്നെ ബി.ജെ.പിയില്‍ ഔദ്യോഗികമായി ചേരുമെന്നാണ് വിവരം. നാല് എം.എല്‍.എമാരില്‍ രണ്ടുപേര്‍ സ്വതന്ത്രരും ഒരാള്‍ എന്‍.സി.പിക്കാരനുമാണ്.

മേഘാലയയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയുള്ള എം.എല്‍.എമാരുടെ നടപടി. വരും ദിവസങ്ങളിലും കൂടുതല്‍ രാജികള്‍ ഉണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്‌ധോ അറിയിച്ചു.

മുകുള്‍ സാംഗ്മ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന ഹേക്കിനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.നേരത്തെ 2009ല്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളാണ് ഹേക്ക്.

കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എമാര്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്‍.ഡി.എയുടെ ഭാഗമാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി.