മൈ സ്റ്റോറിയുടെ മേക്കിംഗ് വീഡിയോക്ക് ഡിസ്ലൈക്ക് ആക്രമണം

0
72

കൊച്ചി: മൈ സ്റ്റോറി എന്ന സിനിമയുടെ മേക്കിംഗ് വീഡിയോക്ക് ഡിസ്ലൈക്ക് ആക്രമണം. ഇന്നലെ പുറത്ത് വിട്ട വീഡിയോക്കെതിരെ വന്‍ ഡിസ് ലൈക്ക് ക്യാമ്പയിന്‍ ആണ് നടക്കുന്നത്. പാര്‍വതിയും പൃഥിരാജും നായികാ നായകന്‍മാരായി എത്തുന്ന ചിത്രമാണ് മൈ സ്റ്റോറി. പാര്‍വതിയുടെ ചിത്രമായതിനാലാണ് മേക്കിംഗ് വീഡിയോക്ക് ഡിസ്ലൈക്ക് ആക്രമണം നടത്തുന്നത്.

അന്താരാഷ്ട്ര ചലചിത്രോല്‍സവ വേദിയില്‍ കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെ പാര്‍വതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് മൈ സ്റ്റോറിയുടെ മേക്കിംഗ് വീഡിയോക്ക് ഡിസ്ലൈക്ക് നല്‍കി പ്രതിഷേധിക്കുന്നത്.

ഇരുപത്തി എട്ടായിരം ആളുകളാണ് വീഡിയോ ഇതിനോടകം ഡിസ്ലൈക്ക് ചെയ്തത്. യൂട്യൂബിലെ വീഡിയോക്ക് അടിയില്‍ നടി പാര്‍വതിക്കെതിരെ തെറിവിളികളും വിമര്‍ശനങ്ങളും നടത്തുന്നുണ്ട്. മേക്കിങ് വീഡിയോ പൃഥിരാജും എഫ് ബിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനടിയിലും മോശം പരാമര്‍ശമാണ് പാര്‍വതിക്കുനേരെയുള്ളത്.

നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്.ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറു ഗാനങ്ങളുണ്ട് സിനിമയില്‍.