രഞ്ജി ട്രോഫി:കന്നി കിരീടത്തിലേക്ക് വിദര്‍ഭ

0
70

ഇന്‍ഡോര്‍:രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ കിരീടത്തിലേക്ക് വിദര്‍ഭയടുക്കുന്നു. ഒന്നാം ഇന്നിങ്‌സില്‍ 216 റണ്‍സിന്റെ നിര്‍ണായക ലീഡോടെയാണ് വിദര്‍ഭ മുന്നേറുന്നത്. ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി ഫൈനലില്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഏഴിന് 528 എന്ന സ്‌കോറിലാണവര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി തികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അക്ഷയ് വഡേക്കറാണ് ഇന്നിങ്‌സിലൂടെ (133) വിദര്‍ഭയെ കൂറ്റന്‍ സ്‌കോറിലേക്കു നയിച്ചത്. ഏഴു തവണ ചാംപ്യന്‍മാരായ ഡല്‍ഹിക്കെതിരെ ആദ്യ ഫൈനല്‍ കളിക്കുന്ന വിദര്‍ഭ നാലു വിക്കറ്റിന് 206 എന്ന നിലയിലാണ് കളി ആരംഭിച്ചത്.

ലക്ഷ്യബോധമില്ലാത്ത ബോളിങ്ങും ഫീല്‍ഡിങ്ങിലെ പിഴവുകളുമാണ് ഡല്‍ഹിയെ പിന്നോട്ട് വലിക്കുന്നത്. പരിചയസമ്പന്നനായ വസീം ജാഫര്‍ നല്‍കിയ അവസരം സ്ലിപ്പില്‍ കുനാല്‍ ചന്ദേല പാഴാക്കി. 78 റണ്‍സുമായി ജാഫര്‍ തുടര്‍ന്നു പുറത്തായെങ്കിലും മധ്യനിരയിലെ മറ്റു നിര്‍ണായക കൂട്ടുകെട്ടുകള്‍ പൊളിക്കുന്നതില്‍ സ്പിന്നര്‍മാരും പരാജയപ്പെട്ടു. പതിനാറു ഫോറും ഒരു സിക്‌സറുമടക്കം സെഞ്ച്വറി നേടിയ ഇരുപത്തിമൂന്നുകാരനായ അക്ഷയ് ആദിത്യ സര്‍വാതെയുമൊത്ത് ഏഴാം വിക്കറ്റില്‍ 169 റണ്‍സിന്റെ കൂട്ടുകെട്ടു സൃഷ്ടിച്ചു.