റെയില്‍വേയില്‍ യാത്രാസൗജന്യം ലഭിക്കുന്നവരുടെ പാസുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നു

0
62

റെയില്‍വേയില്‍ യാത്രാസൗജന്യം ലഭിക്കുന്നവരുടെ പാസുകളും ബന്ധപ്പെട്ട രേഖകളും ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയില്‍.

‘ഇക്കാര്യത്തില്‍ ഇതുവരെ ഒരു നിര്‍ദേശവും കിട്ടിയിട്ടില്ല. എന്നാല്‍ എല്ലാ സബ്‌സിഡികളും ആധാറുമായി ബന്ധിപ്പിക്കുകയെന്നതാണ് കേന്ദ്രത്തിന്റെ നയം. റെയില്‍വേയ്ക്ക് മാത്രമായി അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല’-ദക്ഷിണ റെയില്‍വേ വക്താവ്.

ഇപ്പോള്‍ ടിക്കറ്റിന് അപേക്ഷിക്കുന്ന ഫോറത്തില്‍ ആധാര്‍ നമ്പറുംകൂടി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കുന്നില്ലെന്നുമാത്രം. ടിക്കറ്റെടുക്കുമ്പോള്‍ മുഴുവന്‍ സംഖ്യയും അടയ്ക്കുകയും ഇളവനുവദിക്കുന്ന തുക യാത്രക്കാരന്റെ അക്കൗണ്ടില്‍ തിരികെ നല്‍കുകയും ചെയ്യാനാണ് റെയില്‍വേ ആലോചിക്കുന്നത്.

അന്ധര്‍, അംഗപരിമിതര്‍, കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം എന്നിവ ബാധിച്ചവര്‍, മുതിര്‍ന്ന പൗരന്മാര്‍, അംഗീകാരങ്ങള്‍ നേടിയ കലാകാരന്മാര്‍, അക്രെഡിറ്റേഷനുള്ള പത്രപ്രവര്‍ത്തകര്‍ തുടങ്ങി അന്‍പതിലധികം വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് റെയില്‍വേ വ്യത്യസ്തനിരക്കില്‍ യാത്രാസൗജന്യം അനുവദിക്കുന്നുണ്ട്. എണ്ണത്തില്‍ കൂടുതല്‍ മുതിര്‍ന്ന പൗരന്മാരാണ്. ചികിത്സയ്ക്കുപോകുന്ന കാന്‍സര്‍ രോഗികള്‍ക്കും അനുഗമിക്കുന്ന ഒരാള്‍ക്കും സാധാരണ ക്ലാസുകളില്‍ യാത്ര സൗജന്യമാണ്.

യാത്രയ്ക്കുള്ള അപേക്ഷയോടൊപ്പം പൂര്‍ണമായ ടിക്കറ്റ് ചാര്‍ജ് നല്‍കി റെയില്‍വേ അനുവദിക്കുന്ന സൗജന്യം അക്കൗണ്ടിലേക്ക് തിരികെ നല്‍കുന്ന വ്യവസ്ഥ നടപ്പാക്കിയാല്‍ രോഗികളാണ് ഏറ്റവും ബുദ്ധിമുട്ടുക.