സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന താക്കീതുമായി മന്ത്രി കെ.കെ ശൈലജ

0
49

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്ന പശ്ചാത്തലത്തില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രിയുടെ താക്കീത്. പഠനം പൂര്‍ത്തിയാക്കുന്നതിലടക്കം ബുദ്ധിമുട്ട് നേരിടേണ്ടിവരും. ജോലിക്കു ഹാജരാകാത്തവരുടെ എണ്ണമെടുക്കാന്‍ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി. ആവശ്യങ്ങള്‍ അംഗീകരിച്ചശേഷം സമരം അനുവദിക്കില്ല. പണിമുടക്കുന്നതു ജനങ്ങളുടെ ജീവന്‍ വച്ചാണ്. സമരത്തിനു പിന്നില്‍ സ്ഥാപിതതാല്‍പ്പര്യക്കാരെന്നു സംശയമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യമന്ത്രിയുമായി ഞായറാഴ്ച നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പാക്കിയിരുന്നു. സമരക്കാരുടെ പല ആവശ്യങ്ങളും മന്ത്രി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് സമരം തുടരാന്‍ ഇന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. സമരത്തില്‍നിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കുമെന്നും ഒപിയിലും വാര്‍ഡിലും ഡ്യൂട്ടിക്കെത്തില്ലെന്നും ഡോക്ടര്‍മാര്‍ രാവിലെ അറിയിച്ചു. ഇതിനിടെ, മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവരെ പിജി അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍നിന്നു മാറ്റുകയും ചെയ്തു.

പെന്‍ഷന്‍ പ്രായവര്‍ധന പിന്‍വലിക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ഡോക്ടര്‍മാരുടെ മുഖ്യ നിബന്ധനകള്‍. എന്നാല്‍ പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ച നടപടിയില്‍നിന്നു പിന്നോട്ടില്ലെന്നു സര്‍ക്കാര്‍ ഉറച്ച നിലപാടെടുത്തു. ജോലി ലഭിക്കില്ലെന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഗണിച്ചു കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും നിയമനങ്ങള്‍ വേഗത്തിലാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും വ്യക്തമായ ഉറപ്പു ലഭിക്കാത്ത സാഹചര്യത്തില്‍ സമരം തുടരാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.