‘ഹലാല്‍ ഫായിദ’ എന്ന പലിശരഹിത ബാങ്ക് കേരള സമൂഹത്തിനു മുന്നില്‍ ചോദ്യ ചിഹ്നമായി നിലകൊള്ളുന്നു: പന്ന്യന്‍ രവീന്ദ്രന്‍

0
258

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം:  ‘ഹലാല്‍ ഫായിദ’ എന്ന പലിശരഹിത ബാങ്കിംഗ് രീതി കേരളത്തിലെ സാഹചര്യത്തില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് സിപിഐ ദേശീയ സമിതിയംഗം പന്ന്യന്‍ രവീന്ദ്രന്‍ 24 കേരളയോട് പറഞ്ഞു.

ബാങ്കിംഗ് മേഖലയ്ക്ക് ഉള്ള ഒരു ഗുണം മനുഷ്യര്‍ക്ക് ബാങ്കുകളെ വിശ്വസിച്ച് ആശ്രയിക്കാം എന്നതാണ്. റിസര്‍വ് ബാങ്ക് കേന്ദ്രത്തിലുണ്ട്. ആര്‍ബിഐയില്‍ അഫിലിയേറ്റ് ചെയ്താണ് കേരളത്തിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ബാങ്കിംഗ് മേഖലയില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യതയുണ്ട്.കാരണം സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട് ബാങ്കുകള്‍ക്ക്. അതുകൊണ്ട് തന്നെ ബാങ്കുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയുണ്ട്. ഇവിടെയാണ് പുതിയ രീതികളുമായി പലിശ രഹിത ബാങ്ക് ഹലാല്‍ ഫായിദ എന്ന പേരില്‍ കണ്ണൂരില്‍ കടന്നു വരുന്നത്.

ഇന്ത്യയില്‍ ഈ രീതി പുതിയതാണ്. അതുകൊണ്ട് തന്നെ ഈ രീതിയെക്കുറിച്ച് ഒട്ടനവധി സംശയങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇപ്പോള്‍ ബാങ്കുകളില്‍ ഉള്ള വിശ്വാസ്യത ആ പലിശരഹിത ബാങ്കിനോട്‌ ജനങ്ങള്‍ക്ക് ഉണ്ടാകുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്. പലിശരഹിത ബാങ്കിംഗ് നമ്മുടെ നാട്ടില്‍ എങ്ങിനെ നടത്തിക്കൊണ്ടു പോകും എന്നത് ചോദ്യ ചിഹ്നമാണ്.

റിസര്‍വ് ബാങ്ക് റൂളും, അതിന്റെ നിയമാവലിയും അനുസരിച്ചാണ് ബാങ്കുകള്‍ നടക്കുന്നത്. ഈ പലിശരഹിത ബാങ്കിനോട്‌ റിസര്‍വ് ബാങ്ക് സമീപനം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതുമാത്രമല്ല പലിശ രഹിത ബാങ്കിംഗ് ചിലവുകള്‍ ആരാണ് നിര്‍വഹിക്കുന്നത്. അത് എത്രകാലം നിര്‍വഹിക്കും. ബാങ്ക് പൊട്ടിപ്പോയാല്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും. കാരണം ബാങ്കില്‍ നിക്ഷേപിച്ച പണം പോകും.

നിക്ഷേപിച്ച പണം അംഗങ്ങള്‍ക്ക് തിരിച്ചു കിട്ടേണ്ടെ? അതുമാത്രമല്ല. തുകകള്‍ പുറത്ത് കൊടുക്കുകയാണ്. ആ പണം ബാങ്കില്‍ കൃത്യമായി തിരിച്ച് എത്തേണ്ട കാര്യം കൂടിയില്ലേ? റിസര്‍വ് ബാങ്ക് പലിശരഹിത ബാങ്കിംഗിനെ അനുകൂലിക്കും എന്ന് ഞാന്‍ കരുതുന്നില്ല. പ്രൈവറ്റ് ബാങ്കുകള്‍ ബാങ്കുകള്‍ തുടങ്ങാന്‍ അനുമതി ചോദിച്ചപ്പോള്‍ വളരെ കുറച്ച് ബാങ്കുകള്‍ക്ക് മാത്രമാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുള്ളത്.

റിസര്‍വ് ബാങ്ക് റൂള്‍ അനുവദിക്കാത്ത ഒരു ബാങ്കിനും റിസര്‍വ് ബാങ്ക് പ്രദര്‍ശനാനുമതി നല്‍കുന്നില്ല. നമ്മുടെ സഹകരണ മേഖലയോട് റിസര്‍വ് ബാങ്ക് അനുവര്‍ത്തിക്കുന്ന രീതി തന്നെ ശ്രദ്ധിച്ചാല്‍ മതി. സഹകരണ സംഘങ്ങള്‍ക്ക് അവര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് വരെ റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. പിന്നെ ബാങ്ക് നടത്തിക്കൊണ്ടു പോകുമ്പോള്‍ അതിന്റെ ചിലവ് ആര് താങ്ങും.

ജീവനക്കാര്‍ക്ക് ശമ്പളം, ബില്‍ഡിംഗ് വാടക, മറ്റു ചിലവുകള്‍ എന്നിവയ്ക്ക് വന്‍തുക കണ്ടെത്തേണ്ടതുണ്ട്. പിന്നെ ജനങ്ങള്‍ ഈ ബാങ്കില്‍ തുക നിക്ഷേപിക്കുമ്പോള്‍ ആ തുക അവര്‍ക്ക് ആവശ്യമായ ഘട്ടത്തില്‍ നല്‍കേണ്ടതുണ്ട്. അപ്പോള്‍ ജനങ്ങള്‍ക്ക് ആ വിശ്വാസവും ബാങ്കിനോട്‌ വേണം. പലിശരഹിത ബാങ്കിംഗ് വന്നാല്‍ അതിനുശേഷമുള്ള അവസ്ഥയെന്ത്‌ എന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ല.

പലിശ രഹിത ബാങ്കിംഗ് കാര്യത്തില്‍ മുഖ്യമന്ത്രി ആശങ്കയറിയിച്ചത് സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് നല്ല ധാരണയുള്ളതിനാലാണ്. അല്ലാതെ മുഖ്യമന്ത്രി പലിശരഹിത ബാങ്കിംഗ് രീതിക്കെതിരെ മുന്നറിയിപ്പ് നല്‍കിയത് മൃദുഹിന്ദുത്വ സമീപനം കൊണ്ടല്ല. ഭരണാധികാരി എന്ന നിലയില്‍ മുഖ്യമന്ത്രി ആ ആശങ്കയാണ് അറിയിച്ചത്.

ബാങ്ക് പൊട്ടിയാല്‍ ജനങ്ങള്‍ക്ക് ഉള്ള ആശങ്കയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. അമേരിക്കയില്‍ ബാങ്കുകള്‍ തകര്‍ന്നത് നമ്മുടെ കണ്‍മുന്നിലുണ്ട്. 114 ബാങ്കുകള്‍ ആണ് അന്ന് അമേരിക്കയില്‍ തകര്‍ന്നത്. അമേരിക്കന്‍ പ്രസിഡന്റ് അന്ന് പറഞ്ഞു ബാങ്കിംഗ് സെക്ടറില്‍ സര്‍ക്കാര്‍ നിയന്ത്രണം വേണം എന്ന് പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാത്തതിനാലാണ് ബാങ്കുകള്‍ തകര്‍ന്നത്.

കേരളത്തിലെ പാലാ ബാങ്കിംഗ് തകര്‍ച്ചയും നമ്മുടെ മുന്നിലുണ്ട്. ആളുകളുടെ പൈസ മുഴുവന്‍ പോയി. ബാങ്ക് എന്ന് പറഞ്ഞാല്‍ ഒരു വ്യവസായ രൂപമാണ്. പണം വിനിമയം നടത്തുന്ന ഇടമാണത്. അവിടെ സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് വിശ്വാസ്യതയുണ്ട്.

സഹകരണ ബാങ്കുകളുടെ നിലനില്‍പ്പ്‌ തന്നെ പലിശയിലാണ്. പലിശ വാങ്ങി മുന്നോട്ട് പോകുന്നത് കൊണ്ടാണ് സഹകരണ ബാങ്കുകള്‍ക്ക് നിലനില്‍പ്പ്‌ ഉള്ളത്. സഹകരണ ബാങ്കിംഗ് ചിലവുകള്‍ എല്ലാം നടക്കുന്നത് പലിശ വാങ്ങി ഇടപാടുകള്‍ നടത്തുന്നതിനാലാണ്.

സഹകരണ ബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും വ്യത്യാസമുണ്ട്. മെമ്പര്‍മാര്‍ തമ്മിലുള്ള ധനവിനിമയമാണ് അവിടെ നടക്കുന്നത്. എസ് ബി ഐ പോലുള്ള ബാങ്കുകള്‍ പലിശ കുറച്ച് വായ്പ് നല്‍കുന്നു. പക്ഷെ പലിശ കൂട്ടിയുള്ള വായ്പകള്‍ വേറെയുണ്ട്. അതുകൊണ്ട് ഇത്തരം ബാങ്കുകള്‍ക്ക് വേറെ രീതിയില്‍ പണം വരുന്നുണ്ട്.

പക്ഷെ പലിശ രഹിത ബാങ്കിംഗ് അങ്ങിനെയല്ല. നിലവില്‍ കേരളീയ സമൂഹത്തിനു മുന്നില്‍ പലിശ രഹിത ബാങ്കിംഗ് ഒരു ചോദ്യചിഹ്നം തന്നെയാണ്. അതുകൊണ്ട് തന്നെ പലിശരഹിത ബാങ്കിംഗ് എന്നത് കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്-പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നു.