ഇന്ന് സൂപ്പര്‍മൂണ്‍, വരുന്ന പൗര്‍ണമി രക്തചന്ദ്രിക;ഭൂചലനത്തിനു സാധ്യതയുണ്ടെന്ന് ശാസ്ത്രനിരീക്ഷകര്‍

0
111

വാഷിങ്ടണ്‍: ഇന്ന് ആകാശത്ത് വര്‍ണം വിതറുന്ന പൂര്‍ണ ചന്ദ്രനെ(സൂപ്പര്‍ മൂണ്‍) കാണാന്‍ കഴിയും. സാധാരണയില്‍ നിന്ന് കൂടുതല്‍ വലിപ്പവും തിളക്കവും ഈ ചന്ദ്രന് ഉണ്ടാകും. ചന്ദ്രന്റെ പ്രകാശം 14 ശതമാനം വരെ കൂടും. ഭ്രമണം ചെയ്യുമ്പോള്‍ ചന്ദ്രന്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്ത് എത്തുമ്പോഴാണു സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടാകുന്നത്. ചന്ദ്രനില്‍ നിന്നുള്ള പ്രകാശത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ സ്വാധീനം മൂലമാണു നേരിയ ചുവപ്പു കലരുന്നത്. ഈ മാസം അവസാനം വരുന്ന പൂര്‍ണ്ണചന്ദ്രന് കൂടുതല്‍ പ്രത്യേകതകളുണ്ടെന്ന് നാസ പറയുന്നു. അല്‍പ്പം ചുവപ്പു കലര്‍ന്ന ഈ ചന്ദ്രന്‍ ‘രക്തചന്ദ്രിക’ എന്നാണ് അറിയപ്പെടുന്നത്.

കൂടാതെ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയ ഭൂചലനത്തിനു സാധ്യതയുണ്ടെന്നാണ് ശാസ്ത്രനിരീക്ഷകരുടെ മുന്നറിയിപ്പ്. പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളില്‍ കടലിനെ സൂക്ഷിക്കണം. കടല്‍ ഉള്‍വലിയാനും തിരിച്ചു കരയിലേക്ക് അടിച്ചുകയറാനും സാധ്യതയുണ്ട്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികില്‍ വരുന്ന സൂപ്പര്‍ മൂണ്‍ സമയത്ത് അസാധാരണ വേലിയേറ്റം സാധാരണയാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്.

ഈ സമയത്ത് പ്രകൃതിയില്‍ ചില ചലനങ്ങള്‍ സംഭവിച്ചേക്കാം. ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം കുറയുന്നതിനാല്‍ ഇത്തരം മാറ്റങ്ങള്‍ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകര്‍ പറയുന്നു. ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലാകും. ആകര്‍ഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചില്‍ അനുഭവപ്പെടാന്‍ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങള്‍ പിന്നീട് വന്‍ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി നേരത്തെ നടന്ന ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ചന്ദ്രന്റെയും സൂര്യന്റെയും ആകര്‍ഷണം ഒരുമിച്ച് അനുഭവപ്പെടുമ്പോള്‍ ഭൂചലനസാധ്യത ഏറുന്നതായി ഗ്രീസിലെ ഹെലനിക് ആര്‍ക്കില്‍ നടത്തിയ പഠനത്തിലും തെളിഞ്ഞതാണ്. ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുന്ന സൂപ്പര്‍മൂണ്‍ സമയത്ത് ആകര്‍ഷണ ശക്തിമൂലം ഭൗമപാളികള്‍ ഒന്നിനടിയില്‍ മറ്റൊന്നായി കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാന്‍ ഭൂചലനത്തില്‍ തെളിഞ്ഞു.