ഇറാനില്‍ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം തുടരുന്നു.; പ്രതിഷേധത്തില്‍ 12 മരണം

0
50

തെഹ്റാന്‍: ഇറാനില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം തുടരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. അതേസമയം രാജ്യത്ത് അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് റുഹാനി വ്യക്തമാക്കി.

2009 ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇറാനില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മഷ്ദാദില്‍ ആരംഭിച്ച പ്രതിഷേധം മറ്റുപല നഗരങ്ങളിലേക്കും ഇപ്പോള്‍ വ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ നടന്ന പ്രതിഷേധത്തില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നലെ വൈകുന്നേരം പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

അതേസമയം സമാധനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും എന്നാല്‍ അക്രമം അനുവദിക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ‘ഇത് നിസ്സാരമാണ്, രാജ്യം സമാനമായ നിരവധി സംഭവങ്ങളിലൂടെ ഇതിന് മുന്‍പും കടന്നുപോയിട്ടുണ്ട്, അതൊക്കെ തൃപ്തികരമായി പരിഹരിക്കാന്‍ സാധിക്കുകയും ചെയ്തു,’ റുഹാനി കൂട്ടിച്ചേര്‍ത്തു.