ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; മരണകാരണം പോലീസിന്റെ ക്രൂരമര്‍ദ്ദനമെന്ന് നിര്‍ണായക മൊഴി

0
77

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ മുന്‍ ഫോറന്‍സിക് ഡയറക്ടറുടെ നിര്‍ണായക മൊഴി. ഉദയകുമാറിന്റെ മരണത്തിന് കാരണമായത് പോലീസിന്റെ ക്രൂരമര്‍ദ്ദനമാണെന്ന് ഡോക്ടര്‍ ശ്രീകുമാരി തിരുവനന്തപുരം സിബിഐ പ്രത്യക കോടതിയെ അറിയിച്ചു.

ഉദയകുമാറിന്റെ ദേഹത്ത് മാരകമായി മര്‍ദനമേറ്റ പാടുണ്ടായിരുന്നതായി പറഞ്ഞ ശ്രീകുമാരി, മര്‍ദിക്കാനുപയോഗിച്ച ജിഐ പൈപ്പും തിരിച്ചറിഞ്ഞു. 2005 സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് പൊലീസ് കസ്റ്റഡിയില്‍ ഉദയകുമാറിനെ മൃഗീയമായി ഉരുട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുമ്പ് പൈപ്പ് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ മൃതദേഹത്തില്‍ കണ്ടെത്തിയിരുന്നു.

പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍, മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി ടി.അജിത് കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനും വ്യാജരേഖകള്‍ നിര്‍മിച്ചതിനുമാണ് കേസ്.