എം ടി വിഷയത്തില്‍ പ്രതികരിച്ചതിന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് ഫേസ്ബുക്കിലും വാട്സാപ്പിലും ഭീഷണി

0
74

എം ടി വാസുദേവന്‍ നായര്‍ ‘തീവ്രവാദികള്‍’ എന്നു വിളിച്ചു എന്ന ദാറുല്‍ ഹുദയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനമുയര്‍ത്തിയ പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെതിരെ ഫേസ്ബുക്കിലും വാട്സാപ്പിലും ഭീഷണി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

“പൊഴ്തുംകടവ് എന്ന സ്വയം എഴുത്തുകാരന്റെ അവസാന ആളിക്കത്തലിന് മുമ്പ് പശ്ചാതപിക്കുന്നത് നല്ലതായിരിക്കും…”

എം.ടി.വി ഷ യ ത്തിൽ ഞാൻ ഇടപെട്ടതിനു ശേഷം FB യിലും ഫോണിലും വാട്സ് ആപ്പിലുമായി വന്ന അനേകം തെറി, ഭീഷണിപ്പെടുത്തൽ പ്രതികരണങ്ങളിൽ ഒന്നാണ് മേലെ ഉദ്ധച്ചരിച്ചത്. ഞാനിത് എന്റെ സുഹൃത്തായ ഉയർന്ന പോലീസുദ്യോഗസ്ഥന് അയച്ചുകൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: വധഭീഷണിയുടെ വകുപ്പിലാണിത് വരിക. അറസ്റ്റ് ചെയ്യാവുന്നതാണ്. ഈ ആൾ അയച്ച വാട്സ് ആപ്പിന്റെ സ്ക്രീൻ ഷോട്ട് എന്റെ കൈയിലുണ്ട്. വാട്സ്ആപ്പിലെ ഇയാളുടെ ഫോട്ടോയിൽ ദാറുൽഹുദ യുടെ ബാഡ്ജുമുണ്ട്!

ഫോണിൽ വിളിച്ച ഒരാൾ പറഞ്ഞത് നായിന്റെ മോനേ, ഇസ്ലാമിനെ പറയുമോ എന്നാണ്.

മറ്റൊരു കാര്യം ചെയ്തത് രസകരമാണ്. മുഅല്ലിമിനെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് എന്നെ നിരന്തരം വിളിക്കുന്ന നാടകമാണ്. വിളിച്ചവരുടെയൊക്കെ നമ്പർ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. സൈബർ ക്രൈം സെല്ലിന് ഇതൊക്കെ 3 മിനുട്ട് കൊണ്ട് കണ്ടുപിടിക്കാവുന്ന കാര്യമാണെന്ന് ആവേശത്തിൽ മറന്നു പോയതാണ്. ഒരു പക്ഷേ, ദാറുൽഹുദ എന്ന മഹത്തായ സ്ഥാപനത്തെ താഴ്ത്തിക്കെട്ടാൻ ഏതെങ്കിലും അബൂജഹൽ സംഘം ചെയ്തതാവാം. ഇത് തീർച്ചയായും അബു ജഹലിന്റെ വഴിയാണ്. ദാറുൽഹുദ പ്രതിനിധാനം ചെയ്യുന്നത് പ്രവാചകന്റെ വഴിയാണല്ലോ.

ഉള്ളത് പറയാമല്ലോ മാന്യമായി എന്നോട് സംസാരിച്ചവരുമുണ്ട്. സത്യത്തിൽ ദാറുൽ ഹുദയുടെ യഥാർത്ഥ മുഖം ഇവരാണെന്ന് വിശ്വസിക്കാനാണെനിക്ക് ഇപ്പോഴും ഇഷ്ടം. കാരണം, ഞാൻ രണ്ടിലേറെ തവണ ദാറുൽ ഹുദയുടെ അതിഥിയായി പോയിട്ടുണ്ട്. എനിക്ക് പറയാനുള്ളത് പറഞ്ഞിട്ടുണ്ട്. എന്റെ വിമർശനങ്ങളെ വളരെ സഹിഷ്ണുതയോടെയും കുലീനവുമായുമാണ് സംവാദത്തിൽ പെരുമാറിയത്. എന്നിൽ ഇത് വലിയ ബഹുമാനമാണുണ്ടാക്കിയത്.

തിരിച്ച് വന്ന് ഞാൻ ദാറുൽഹുദ വളരെ നിലവാരമുള്ള സ്ഥാപനമാണെന്നും എനിക്കവരിൽ പ്രതീക്ഷയുണ്ടെന്നും പലരോടും പറഞ്ഞു. ജീനിയസുകളായ എത്രയോ വ്യക്തികളെ ആ സ്ഥാപനം സംഭാവന ചെയ്തത് വെറുതെയല്ല എന്നും ആവേശപൂർവ്വം പലരോടും പറഞ്ഞിട്ടുണ്ട്. എന്റെ പോസ്റ്റിൽ സ്ഥാപനത്തിന്റെ പേര് പറയാതിരുന്നത് ഈ ബഹുമാനത്തിൽ നിന്ന് ഞാൻ മുക്തനാവാത്തത് കൊണ്ടു തന്നെയാണ്. എം.ടി വിഷയം തെറ്റോ ശരിയോ എന്നതിനപ്പുറം അത് കൈകാര്യം ചെയ്ത രീതിയെപ്പറ്റി ദയവായി പരിശോധിക്കണം. ശിഹാബുദ്ദീൻ എന്ന നിസ്സാരനായ, വിവരദോഷിയായ വ്യക്തിയല്ല. അത്. സന്മാർഗ്ഗത്തിന്റെ വീടാണത്.

പ്രിയപ്പെട്ടവരേ,
നമുക്ക് കാലുഷ്യത്തിന്റെ വഴി വേണ്ട. എടുത്തു ചാട്ടത്തിന്റെ വഴി വേണ്ട. ദുഷിച്ച പകയുടെ വഴിയും വേണ്ട. പരിഹാസത്തിന്റെയും പുച്ഛത്തിന്റെയും വഴി വേണ്ട. സ്നേഹത്തിന്റെ പൂക്കൾ വിരിയട്ടെ. എന്റെ പദപ്രയോഗങ്ങളിലെ വന്നു ചേർന്ന അപക്വതതകളോട് ക്ഷമിക്കുക.അതിൽ ദേഷ്യത്തെക്കാൾ സങ്കടമാണുണ്ടായിരുന്നതെന്ന് ദയവായി മനസ്സിലാക്കുക. എത്രയോ മാന്യമായി പലരും ഈ വിഷയത്തിൽ പ്രതിഷേധമറിയിച്ച് പോസ്റ്റിട്ടു എന്നത് സത്യമാണ്. ഒരുദാഹരണം നജീബ് കാന്തപുരത്തിന്റെ പോസ്റ്റ്. ആ പോസ്റ്റിനോടുള്ള പ്രതികരണം എത്രയോ അമാന്യമായിരുന്നു. കേരളം മുഴുവൻ അറിയപ്പെടുന്ന, വലിയൊരു ആൾക്കൂട്ടം ആദരിക്കുന്ന വ്യക്തിയാണദ്ദേഹം. വാക്കുകളിൽ എപ്പോഴും കുലീനത തുളുമ്പുന്ന പൊതുപ്രവർത്തകൻ. പോസ്റ്റിൽ അമാന്യമായ ഒരു പദം പോലുമില്ല. അദ്ദേഹത്തിനു നേരെ നടത്തിയ അസഭ്യവർഷങ്ങൾ ഒന്നുകൂടിവായിച്ചു നോക്കൂ. സത്യമായും ഇതല്ലല്ലോ നിങ്ങൾ? ഇതാവാൻപാടില്ലാത്തവരാണല്ലോ നിങ്ങൾ?

ഈ പുതുവർഷപ്പിറവിയുടെ പശ്ചാത്തലത്തിൽ നമ്മൾ വീണ്ടും സ്നേഹത്തിന്റെയും സഹിഷ്ണുതയിലേയും കാരുണ്യത്തിന്റേയും വഴിയിലേക്കെത്തിച്ചേരണം. ജാതി മത വർഗ്ഗ ചിന്തകൾക്കതീതമായി നാം ചിന്തിക്കണം. ആ വഴി ചരിക്കുന്നവരാണ് ദാറുൽ ഹുദ . വിമർശനങ്ങളെ സ്വതയോടെ നേരിടേണ്ടവരാണ്.

ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നിങ്ങൾ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം. എന്നെ ഒരിക്കൽക്കൂടി ദുൽഹുദ യിലേക്ക് ക്ഷണിക്കണം. ഞാൻ വരാം. നിങ്ങളുടെ പുഞ്ചിരി കലർന്ന ആത്മീയ ശോഭകലർന്ന മുഖം ഒരിക്കൽ കൂടി എനിക്ക് കാണണം.

നന്മ മാത്രം നേർന്നു കൊണ്ട് നിർത്തട്ടെ