കീഴാറ്റൂര്‍ ബൈപ്പാസ് സമരം നടത്തിയ 11 പേരെ സിപിഎം പുറത്താക്കി

0
108

കണ്ണൂര്‍: കീഴാറ്റൂരിലെ ദേശീയപാതയുമായി ബന്ധപ്പെട്ടുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെ സമരം നടത്തിയ 11 പേരെ സിപിഐഎം പുറത്താക്കി. കീഴാറ്റൂര്‍ സെന്‍ട്രല്‍, കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ചുകളിലെ അംഗങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇതില്‍ ഒന്‍പത് പേര്‍ കീഴാറ്റൂര്‍ സെന്‍ട്രലിലും രണ്ട് പേര്‍ കീഴാറ്റീര്‍ വടക്ക് ബ്രാഞ്ച് കമ്മറ്റിയിലുമാണ്. നേരത്തെ പാര്‍ട്ടി ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ രണ്ട് പേര്‍ മാത്രമാണ് വിശദീകരണം നല്‍കിയത്. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ട് ഇവരെ ഉള്‍പ്പെടെയാണ് പുറത്താക്കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി പാര്‍ട്ടി അംഗങ്ങള്‍ സമരം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഏക്കറുകണക്കിന് വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെയാണ് പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം തുടങ്ങിയത്. ‘വയല്‍ക്കിളികള്‍’ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സമരം ചെയ്തത്. സമരം നടത്തിയവരില്‍ ഭൂരിഭാഗവും പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. ഇത് സിപിഐഎമ്മിനെ ശരിക്കും പ്രതിരോധത്തിലാക്കിയിരുന്നു. സമരത്തെ തുടര്‍ന്ന് കീഴാറ്റൂര്‍ സൗത്ത് ബ്രാഞ്ച് സമ്മേളനം മാറ്റിവെക്കേണ്ടിയും വന്നിരുന്നു.