ഡോക്ടര്‍മാരുടെ പണിമുടക്ക് പുരോഗമിക്കുന്നു; ബില്ലിനെതിരെ രാജ്ഭവന് മുന്നില്‍ ധര്‍ണ

0
61

ന്യൂഡല്‍ഹി: മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഐഎംഎ രാജ്യവ്യാപകമായി ബന്ദ്. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ബന്ദ്. വിവാദമായ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ അവതരിപ്പിക്കുന്ന ദിനത്തിലാണ് പണിമുടക്ക്. ബില്ലിനെതിരെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തുകയാണ്.

അടിയന്തരചികിത്സാ വിഭാഗവും ഗുരുതര പരിചരണ സേവനങ്ങളും ഒഴികെ എല്ലാ സേവനങ്ങളും ഇന്ന് നിര്‍ത്തിവെക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ഇകെ ഉമ്മര്‍ പറഞ്ഞു. ബില്ലിലെ വ്യവസ്ഥകളെ കുറിച്ചുള്ള ആശങ്കകള്‍ ഐഎംഎ കേന്ദ്രആരോഗ്യമന്ത്രി ജെപി നദ്ദയെ അറിയിച്ചിട്ടുണ്ട്. ബില്‍ തിടുക്കപ്പെട്ട് പാസാക്കരുതെന്നും സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടണമെന്നുമാണ് ഐഎംഎയുടെ ആവശ്യം.

സമരം രോഗികളെ വലച്ചിരിക്കുകയാണ്. സമരത്തെ കുറിച്ച് അറിയാതെ പലരും ആശുപത്രികളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ആശുപത്രികളില്‍ എത്തിയതിന് ശേഷമാണ് പലരും സമരത്തെ കുറിച്ച് അറിയുന്നത്. സ്വകാര്യ ആശുപത്രികളിലെ ഒപി വിഭാഗം പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നില്ല.

ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങി ഇതര ചികിത്സ പഠിച്ചവര്‍ക്ക് ബ്രിഡ്ജ് കോഴ്സിലൂടെ അലോപതിയിലും ചികിത്സ ചെയ്യാനുള്ള അനുമതി മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എംബിബിഎസ് പാസാകുന്നവര്‍ക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂ എന്നും ബില്ലില്‍ പറയുന്നു. ഇതിനെതിരെയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

ഗ്രാമ പ്രദേശങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് ഈ നടപടി എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അവസരം ആയുഷിന് ചെറിയ കോഴ്സിലൂടെ നല്‍കുന്ന നടപടി വ്യാജവൈദ്യത്തിന് കാരണമാകുമെന്നാണ് ഐഎംഎയുടെ വാദം. ബില്ലിലെ വ്യവസ്ഥകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് പഠനം അസാധ്യമാക്കുമെന്ന് ഐഎംഎ ദേശീയ അധ്യക്ഷന്‍ രവി വന്‍ഖേദ്കര്‍ ചൂണ്ടിക്കാട്ടി. എംബിബിഎസ് നേടിയ ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാനുള്ള അനുവാദം ലഭിക്കുന്നതിനായി വീണ്ടും പരീക്ഷ കൊണ്ടു വരുന്നത് എന്‍ട്രന്‍സ് മാഫിയയെ സഹായിക്കാനുള്ള നീക്കമാണെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.