പക്ഷിഭാഷാ പൈതൃകം സംരക്ഷിക്കാന്‍ തുര്‍ക്കി ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കി യുനെസ്‌കോ

0
67

യുനസ്‌കോയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് തുര്‍ക്കിയിലെ കനാക്‌സി ജില്ലയിലെ കുസ്‌കോയ് ഗ്രാമം. ഇവിടുത്തെ ജനങ്ങളുടെ അസാധാരണമായ ആശയവിനിമയ രീതിയെ സംരക്ഷിക്കുന്നതിനായാണ് യുനെസ്‌കോ ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്. പക്ഷികളുടേതു പോലെ വിസില്‍ ശബ്ദമുപയോഗിച്ചാണ് ഇവര്‍ സംസാരിക്കുന്നത്.

കുന്നും മലയും നിറഞ്ഞ കനാക്‌സി പ്രവിശ്യയില്‍ 10,000 ആളുകളാണ് വസിക്കുന്നത്. മലനിരകളില്‍ പരസ്പരം കാണാന്‍ പറ്റാത്ത ദൂരെ നില്‍ക്കുന്ന ആളുകളുമായി പോലും ഈ പക്ഷിഭാഷയിലൂടെ സംസാരിക്കാന്‍ ഈ ഗ്രാമവാസികള്‍ക്ക് സാധിക്കും.

500 വര്‍ഷം മുമ്പ് ഓട്ടോമന്‍ സാമ്രാജ്യകാലത്തോളം പഴക്കമുണ്ട് ഗ്രാമവാസികളുടെ ഈ പക്ഷിഭാഷയ്ക്ക്. എന്നാല്‍ ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ഈ പാരമ്പര്യത്തിന് കടുത്ത ഭീഷണിയായിരിക്കുകയാണ്.

നൂറ്റാണ്ടുകളായി തലമുറകള്‍ കൈമാറിയാണ് ഈ ഭാഷ നിലനിന്നുപോന്നത്. ഇന്ന് ഈ ഭാഷയറിയുന്നവര്‍ വിരളമാണ്. പലര്‍ക്കും പ്രായമാവുകയും ചെയ്തു. യുവാക്കള്‍ക്ക് ഈ ഭാഷ പഠിക്കുന്നതിലോ ഭാഷയെ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കുന്നതിനോ താല്‍പര്യവുമില്ല. വരുന്ന കുറച്ച് തലമുറകള്‍ക്കുള്ളില്‍ തന്നെ ഈ ഭാഷ വിസ്മൃതിയിലേക്ക് മടങ്ങുകയും ചെയ്‌തേക്കും.

ഭാഷ സംരക്ഷിക്കുന്നതിനായി ഇന്ന് ഗ്രാമവാസികളെ ഈ ഭാഷ പരിശീലിപ്പിക്കുന്നുണ്ട്. 2014 മുതല്‍ തന്നെ പ്രൈമറി സ്‌കൂള്‍ തലത്തില്‍ ഈ പക്ഷി ഭാഷ പഠിപ്പിക്കുന്നുണ്ട്. പക്ഷേ ഇത് പരീക്ഷിക്കാന്‍ പലരും തയാറാകാത്തതുകൊണ്ട് തന്നെ ഫലമുണ്ടാകുന്നില്ല