പാര്‍വതിയൊഴികെ എല്ലാവരും ബുദ്ധിപൂര്‍വം കളിക്കുകയാണ്: സുനിതാ ദേവദാസ്

0
290

കസബ എന്ന സിനിമയെക്കുറിച്ച് പാര്‍വതി നടത്തിയ വിമര്‍ശനങ്ങള്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചകള്‍ക്കും ഡിസ് ലൈക്ക് ക്യാംപെയ്‌നുകള്‍ക്കും വഴിവെക്കുകയാണ്. അതിനിടയിലാണ് പുതുവല്‍സരത്തിലെ ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് മമ്മൂട്ടിക്കെതിരായുള്ള ലേഖനം പോസ്റ്റ് ചെയ്യുന്നത്. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ് രംഗത്തെത്തിയിരിക്കുകയാണ്. പാര്‍വതിയോടൊപ്പം എന്നാല്‍ മമ്മൂട്ടിക്കൊപ്പമില്ലെന്നല്ല എന്ന തലക്കെട്ടോടെയാണ് സുനിതാ ദേവദാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പാര്‍വതിയോടൊപ്പം എന്നാല്‍ അതിനര്‍ത്ഥം മമ്മൂട്ടിക്കൊപ്പമില്ലെന്നല്ല

വിമെന്‍ ഇന്‍ സിനിമ കളക്ടീവ് പുതിയ വര്‍ഷം തുടങ്ങിയത് മമ്മൂട്ടിയെ തെറിവിളിച്ച ലേഖനം ഷെയര്‍ ചെയ്തു കൊണ്ടാണ്. അതും ഇംഗ്ലീഷില്‍ ഉള്ളത്. മലയാളത്തില്‍ എത്രയോ നല്ല ലേഖനങ്ങള്‍ പാര്‍വതിയെ പിന്തുണക്കുന്നതും മമ്മൂട്ടിയെ തെറി വിളിക്കാത്തതും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ഉള്ളതും ഒക്കെ ഇതിനകം വന്നിട്ടുണ്ട്. അതൊന്നും ഇവര്‍ ഇത് വരെ ഷെയര്‍ ചെയ്തില്ല.

മമ്മൂട്ടിയെ നിശിതമായി വിമര്‍ശിക്കുന്ന ഇംഗ്ലീഷ് ലേഖനം ഷെയര്‍ ചെയ്യുക വഴി ലോക്കല്‍ ഫാന്‍സ് ഇത് വായിക്കേണ്ട എന്നും എന്നാല്‍ ഞങ്ങള്‍ പറയാനുള്ളത് ഇത് വഴി പറയുന്നുവെന്നും 2018ല്‍ പാര്‍വതിക്ക് ലഭിക്കാനിടയുള്ള സിനിമകളും കൂടി ഇല്ലാതാക്കുമെന്നും വിമെന്‍ ഇന്‍ സിനിമ കളക്ടീവ് നിശബ്ദമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

ആ ലേഖനത്തിലെ ചില ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു. ഇത് തങ്ങളുടെ ഒഫീഷ്യല്‍ പേജില്‍ ഷെയര്‍ ചെയ്യുക വഴി ഇതിനോടൊക്കെ തങ്ങളും യോജിക്കുന്നു എന്നാണല്ലോ വനിതാ സംഘടനയിലെ അംഗങ്ങള്‍ പറയുന്നത്. ആ സാഹചര്യത്തില്‍ ചിലത് ചോദിക്കാതെയും പറയാതെയും ഇരിക്കാനാവില്ല.

ലേഖനത്തിലെ ചില ഭാഗങ്ങള്‍

‘മമ്മൂട്ടി പഴയ മമ്മൂട്ടിയുടെ ഒരു മങ്ങിയ നിഴല്‍ മാത്രമായി മാറിയിട്ടും അദ്ദേഹത്തിന്റെ ആരാധകര്‍ സിനിമയുടെ നിലവാരത്തെക്കാളും അദ്ദേഹത്തിന്റെ യുവത്വത്തിന് പ്രാധാന്യം നല്‍കുന്നവരാണ് .

അറുപത്തേഴ് വയസ്സുള്ള മമ്മൂട്ടി തന്റെ പ്രായത്തെ കുറിച്ച് ബോധവാനും ചെറുപ്പം നിലനിര്‍ത്താന്‍ ഏതറ്റം വരെ പോകാന്‍ തയ്യാറുമാണ് . എന്നാല്‍ കഠിനാധ്വാനം കൊണ്ട് ഇപ്പോള്‍ നിലനിര്‍ത്തിയിരിക്കുന്ന രൂപം വളരെ കൃത്രിമമാണ് . ഇതോടെ മമ്മൂട്ടി സ്വയം നാണംകെടുകയാണ് .

പ്രായത്തിനനുസരിച്ച റോളുകള്‍ സ്വീകരിക്കുന്ന അമിതാഭ് ബച്ചനില്‍ നിന്ന് വ്യത്യസ്തമായി, എഴുപതുകളിലെത്തിയിട്ടും മമ്മൂട്ടി ചെറുപ്പക്കാരന്റെ വേഷം ചെയ്യുന്നു . എണ്‍പതുകളിലും തൊണ്ണൂറുകളിലും മുതിര്‍ന്ന വേഷങ്ങള്‍ ചെയ്തിരുന്ന മമ്മൂട്ടി ഇപ്പോള്‍ കൂടുതല്‍ യുവത്വമുള്ള കഥാപാത്രങ്ങളില്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നു.

കസബ സ്ത്രീ വിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്നു.
രഞ്ജി പണിക്കരുടെ ദ കിംഗ് (1995) എന്ന ചിത്രത്തില്‍ മമ്മൂട്ടി ഐഎഎസ് ട്രെയ്‌നിയോട് ” നീ വെറും ഒരു പെണ്ണാണ് ” എന്ന് പറയുന്നു. ആവനാഴിയിലക്കം മമ്മൂട്ടി ഇത്തരം അശ്ലീലം പറയുന്ന കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

മമ്മൂട്ടി ഇപ്പോള്‍ പ്രതികരിക്കേണ്ടതുണ്ട്. ഇപ്പോള്‍ രണ്ടാഴ്ചയായി അദ്ദേഹം മൗനം തുടരുകയാണ്. അതിലൂടെ തന്റെ കുട്ടിക്കുറ്റവാളികളായ ആരാധകരെ അഴിഞ്ഞാടാന്‍ പ്രോത്സാഹിപ്പിക്കുന്നു. പാര്‍വതി ക്ഷമാപണം ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്, അവള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ‘

1. പാര്‍വതിയുടെ ന്യായമായ ആശങ്കകളോട് യോജിക്കുന്നു. അതിനപ്പുറം മമ്മൂട്ടി എന്ന മഹാ നടനെ വ്യക്തിഹത്യ ചെയ്യാനുള്ള എല്ലാ ശ്രമങ്ങളോടും വിയോജിക്കുന്നു . പാര്‍വതിയെ വ്യക്തിഹത്യ ചെയ്യുന്നത് പോലെ തന്നെയാണ് മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്യുന്നതും.

2. മമ്മൂട്ടിയുടെ പ്രതികരണമാണ് വിമെന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെടുന്നത് . മമ്മൂട്ടി പ്രതികരിച്ചിട്ട് ദിവസങ്ങളായിട്ടേ ഉള്ളു. എന്നിട്ട് വീണ്ടും മമ്മൂട്ടിയോട് പ്രതികരിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത് . ഇവര്‍ക്ക് ഈ വിവാദം തീരണമെന്നില്ല എന്നാണോ അതിനര്‍ത്ഥം? പ്രതികരണം, മറുപ്രതികരണം, വിമര്‍ശനം ഇങ്ങനെ ഇത് അനന്തമായി മുന്നോട്ട് പോകണം എന്നാണോ? പറഞ്ഞതില്‍ കൂടുതല്‍ എന്ത് പ്രതികരണമാണ് മമ്മൂട്ടിയില്‍ നിന്നും ഇവര്‍ പ്രതീക്ഷിക്കുന്നത്? മമ്മൂട്ടി മാപ്പ് പറയണം എന്നാണോ? എന്തിന്?

3. മമ്മൂട്ടി അഭിനയിച്ച സ്ത്രീവിരുദ്ധ സിനിമകള്‍ മാത്രം എണ്ണി പറയുകയാണല്ലോ. അദ്ദേഹം എത്രയോ സോദ്ദേശ ചിത്രങ്ങളിലും സന്ദേശ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതൊന്നും എടുത്തു പറയാത്തത് എന്താണ്? മതിലുകള്‍, വിധേയന്‍, പൊന്തന്മാട, ഒരേ കടല്‍, അംബേദ്കര്‍ തുടങ്ങിയ സിനിമകളും അദ്ദേഹം ചെയ്തതാണ്. ഇതൊക്കെ പ്രേക്ഷകരെ നന്നാക്കിയിരുന്നോ?

4. സിനിമ കണ്ടു ആളുകള്‍ ചീത്തയാവും എന്ന് പറയുന്നവര്‍ സിനിമ കണ്ടു നന്നായ ഒരു മനുഷ്യനെ കാണിച്ചു തരാമോ? അതോ സിനിമകള്‍ കണ്ടാല്‍ ആളുകള്‍ നന്നാവില്ലേ? ചീത്തയാവുക മാത്രമേ ഉള്ളു? സിനിമ ഒരു കലാസൃഷ്ടിയാണ് എന്നത് നിങ്ങളൊക്കെ മനഃപൂര്‍വം മറക്കുകയാണോ ?

5. വിമെന്‍ ഇന്‍ സിനിമ കളക്ടീവ് പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ദിലീപിന്റെ യഥാര്‍ത്ഥ ജീവിതത്തെയും മമ്മൂട്ടിയുടെ കഥാപാത്രങ്ങളെയും തമ്മില്‍ താരതമ്യം ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. ഇതൊക്കെ സദുദ്ദേശത്തോടെ തന്നെയാണോ ?

6. മമ്മൂട്ടി എന്ന നടന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 45 വര്‍ഷത്തിലധികമായി. അദ്ദേഹം ഇക്കാലമത്രയും അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും പാഷനുമായി അതിനെ കണക്കാക്കാം. ഒരു പൊതുകാര്യങ്ങളിലും ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാറില്ല. രാഷ്ട്രീയം കളിക്കാറില്ല.
ഇപ്പോള്‍ പാര്‍വതിയുടെ വിഷയത്തില്‍ മാത്രം അദ്ദേഹം വീണ്ടും വീണ്ടും പ്രതികരിക്കണം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?

ഒരു അഭിനേതാവ് അദ്ദേഹത്തെ / അവളെ അടയാളപ്പെടുത്തേണ്ടത് അഭിനയിച്ചു തന്നെയാണ്. അല്ലാതെ കവല പ്രസംഗം നടത്തിയിട്ടോ എല്ലാത്തിലും ഇടപെട്ട് അഭിപ്രായം പറഞ്ഞോ അല്ല. അദ്ദേഹം ഇപ്പോഴും പാഷനോടെ അഭിനയിക്കുന്നു. അദ്ദേഹത്തെ ആ വഴിക്ക് വിട്.

7. മമ്മൂട്ടി ശരീരം സംരക്ഷിക്കുന്നത് എന്തോ മഹാ അപരാധം എന്ന മട്ടിലാണല്ലോ വിശകലനങ്ങള്‍. അദേഹത്തിന്റെ തൊഴിലാണ് അഭിനയം. അതിനുള്ള ടൂള്‍ ആണ് ശരീരം. അത് മനോഹരമായും ഭംഗിയായും സൂക്ഷിക്കുന്നത് മഹാഅപരാധമാവുന്നത് എങ്ങനെയാണ്? പ്രൊഫഷണല്‍ ആയ എല്ലാവരും അങ്ങനെയല്ലേ ആവേണ്ടത്? അദ്ദേഹത്തെ കണ്ടു പഠിക്കേണ്ടതിനു പകരം ചെളി വാരി എറിയുന്നത് എന്തിനാണ്?

8. സത്യത്തില്‍ ഒരു സംശയം തോന്നുന്നു. പാര്‍വതിയെ ‘ചിലര്‍ ‘ ഉപയോഗിക്കുകയാണോ എന്ന്. അന്ന് വിവാദമായ പ്രസംഗത്തില്‍ പോലും പാര്‍വതി ആ സിനിമയുടെ പേര് പറയാതെ കാര്യം പറയുകയായിരുന്നു. അപ്പോള്‍ പാര്‍വതിയെ ഡിക്‌റ്റേറ്റു ചെയ്തു പേര് പറയിച്ചു വിവാദത്തിലേക്ക് തള്ളിയിട്ടത് മുതല്‍ ഇപ്പോള്‍ പാര്‍വതിയുടെ നന്മക്കെന്ന പോലെ ഈ വൃത്തികെട്ട ലേഖനം പേജില്‍ ഷെയര്‍ ചെയ്യുന്നതുള്‍പ്പെടെ ആരോ ബുദ്ധിപൂര്‍വം ഒരു ‘രാഷ്ട്രീയം ‘ കളിക്കുന്നുണ്ട്. പാര്‍വതിയെ എല്ലാ തെറിയും നഷ്ടവും ഏറ്റു വാങ്ങാന്‍ തള്ളിവിട്ടിട്ട് ആസൂത്രകര്‍ തിരശീലക്കു പുറകില്‍ സുരക്ഷിതമായി ഒളിച്ചിരിക്കുകയാണ്. അവര്‍ക്കൊന്നും ഇത് വരെ ഒരു നഷ്ടവും വന്നിട്ടില്ല .

നഷ്ടം മുഴുവന്‍ പാര്‍വതിക്കാണ്.

ഈ വിവാദം 2017 ല്‍ അവസാനിപ്പിക്കാമായിരുന്നു. എന്നിട്ടും ഇത് 2018 ലേക്കും വലിച്ചിഴക്കുന്നത് കാണുമ്പോള്‍ ഇങ്ങനൊന്നും സംശയിക്കാതിരിക്കാന്‍ വയ്യ.

9. അഭിനയമാണ് /സിനിമയാണ് പാര്‍വതിയുടെ കരിയര്‍ എങ്കില്‍ പാഷന്‍ എങ്കില്‍ ഇവിടെ നിന്നും പിന്മാറുന്നതാവും നന്മ. അതല്ല സാമൂഹ്യ പരിഷ്‌കര്‍ത്താവാകാനാണ് ലക്ഷ്യമെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ ഈ വിവാദവുമായി മുന്നോട്ട് തന്നെ പോകുക.

10. പ്രധാനപ്പെട്ടതും അവസാനത്തേതും പാര്‍വതിക്കൊപ്പം ഇപ്പോള്‍ നില്‍ക്കുന്നത് പത്രക്കാരും കുറച്ചു സോഷ്യല്‍ മീഡിയ മനുഷ്യരുമാണ്. ഇവര്‍ കുറച്ചു കാലം കാണും. സിനിമാക്കാര്‍ കൂടെയില്ലാത്തിടത്തോളം കാലം ഈ വിവാദമൊക്കെ വെറുതെയാണ്. ഒരു ഗുണവും ഉണ്ടാവില്ല. മാറ്റം വരുത്തേണ്ടത് സിനിമാക്കാരല്ലേ? അവര്‍ക്കല്ലേ ഇതൊക്കെ ബോധ്യപ്പെടേണ്ടത്?

അതിനായി അകത്തു നിന്നല്ലേ ശ്രമിക്കേണ്ടത്? അല്ലാതെ പുറത്തു നിന്ന് കിട്ടുന്ന ഈ പിന്തുണയുടെ ആവേശത്തില്‍ ഇതിനിങ്ങനെ ഒരു ഗുണവുമില്ലാതെ കരിയര്‍ കളയണം?

പോസിറ്റീവ് ചേഞ്ച് ഉണ്ടാക്കാന്‍ ഒരു കമ്മ്യൂണിറ്റിയെ വിമര്‍ശിക്കേണ്ടത് ആ കമ്മ്യൂണിറ്റിക്കകത്ത് നിന്ന് കൊണ്ടാണ്.

വിമെന്‍ ഇന്‍ സിനിമ കളക്ടീവിലെ ഒരംഗവും ഇത് വരെ പരസ്യമായി മമ്മൂട്ടി വിമര്‍ശനം നടത്തിയിട്ടില്ല. എല്ലാവരും ബുദ്ധിപൂര്‍വം കളിക്കുകയാണ്. പാര്‍വതിയൊഴികെ എല്ലാവരും.