പൊതുഗതാഗത രംഗത്ത് അധികം വൈകാതെ ഇലക്ട്രിക് വാഹനങ്ങളെത്തും

0
76

രാജ്യത്തെ പതിനൊന്ന് പ്രധാന നഗരങ്ങളില്‍ പൊതുഗതാഗത രംഗത്ത് അധികം വൈകാതെ ഇലക്ട്രിക് വാഹനങ്ങളെത്തും. കേന്ദ്ര സര്‍ക്കാരിന്റെ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം) പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ഇലക്ട്രിക് ബസുകള്‍, ഇലക്ട്രിക് ടാക്‌സികള്‍, ഇലക്ട്രിക് റിക്ഷകള്‍ തുടങ്ങിയവ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

‘ഫെയിം’ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പൊതു ഗതാഗതത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നതെന്നും രാജ്യത്തെ പൊതുഗതാഗതം ഭാവിയില്‍ 100 ശതമാനം ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി ആനന്ദ് ഗീതെ പറഞ്ഞു.

പൊതുഗതാഗത രംഗത്ത് വൈദ്യുതി വാഹനങ്ങള്‍ എത്തുന്നതിലൂടെ മലിനീകരണത്തോത് ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തല്‍. ചാര്‍ജിങ് സൗകര്യങ്ങള്‍ക്കും സബ്സിഡികള്‍ നല്‍കുന്നതിനുമായി 795 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. ടാക്‌സി വാഹനങ്ങള്‍ക്ക് 1.24 ലക്ഷം രൂപ വീതം സബ്സിഡി നല്‍കാനും പദ്ധതിയുണ്ട്.

ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ജയ്പുര്‍, ലഖ്നൗ, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ജമ്മു, ഗുവാഹത്തി എന്നിവയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള നഗരങ്ങള്‍. ഈ നഗരങ്ങള്‍ക്ക് പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനും ചാര്‍ജിങ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.

വാഹനങ്ങളുടെ ചെലവിന്റെ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെയാകും സബ്സിഡി നല്‍കുക. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും ചെലവും പരിഗണിച്ച്, ഭാവിയില്‍ പദ്ധതിവിഹിതം 14,000 കോടി രൂപയായി ഉയര്‍ത്താനും കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്.