ബിഡിജെഎസും കേരളാ കോണ്‍ഗ്രസും യുഡിഎഫിലേക്കോ? ജെഡിയു ആശങ്കയില്‍ ബദല്‍ നീക്കവുമായി കോണ്‍ഗ്രസ്

0
60

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ബിഡിജെഎസും കേരളാ കോണ്‍ഗ്രസ് എമ്മും യുഡിഎഫിലേക്ക് നീങ്ങുന്നതായി സൂചന. ബിഡിജെഎസ് ബിജെപി ബന്ധം വഷളായ സാഹചര്യത്തില്‍ യുഡിഎഫിലേക്ക് നീങ്ങാന്‍ ബിഡിജെഎസും ഇടതുമുന്നണി വഴി അടഞ്ഞതോടെ തിരികെ വരാന്‍ കേരളാ കോണ്‍ഗസ് എമ്മും തയ്യാറായ സാഹചര്യത്തിലാണ് ഇരു കക്ഷികളെയും യുഡിഎഫ് പാളയത്തില്‍ എത്തിക്കാനുള്ള ശ്രമം നടക്കുന്നത്.

ജെഡിയു എല്‍ഡിഎഫിലേക്ക് നീങ്ങിയാല്‍ ആ നഷ്ടം നികത്താന്‍ ഒന്നിന് പകരം ശക്തരായ രണ്ടു രാഷ്ട്രീയ കക്ഷികള്‍ എന്നതാണ് കോണ്‍ഗ്രസ് നോട്ടം. ജെഡിയു പോലുള്ള ഒരു കക്ഷി എല്‍ഡിഎഫിലേക്ക് നീങ്ങുന്നത് രാഷ്ട്രീയമായി കോണ്‍ഗ്രസിന് ക്ഷീണം ചെയ്യുന്നതാണ്. ഈ ക്ഷീണം താത്ക്കാലത്തേക്കെങ്കിലും പരിഹരിക്കാനാണ് ബിഡിജെഎസിനേയും കേരളാ കോണ്‍ഗ്രസ് എമ്മിനെയും ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് നീങ്ങുന്നത്.

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നടുക്കടലില്‍ ആണ്. സമാന സാഹചര്യമാണ് ബിഡിജെഎസും കേരളാ രാഷ്ട്രീയത്തില്‍ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് നീക്കം. ബിഡിജെഎസിന് കേരളത്തില്‍ നാല് ശതമാനത്തോളം വോട്ടുണ്ട്. ജെഡിയു പോയാലും ഒരു വോട്ട് ബാങ്ക് യുഡിഎഫ് കൈവശം വരും. ഇതില്‍ കോണ്‍ഗ്രസ് വലിയ നേട്ടം കാണുന്നുണ്ട്. ഒപ്പം മാണി കൂടി വന്നാല്‍ യുഡിഎഫ് ശക്തിപ്പെടുമെന്നും യുഡിഎഫ് വൃത്തങ്ങള്‍ കരുതുന്നു.

കേരളാ കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫ് പാളയത്തില്‍ എത്തിക്കാന്‍ സിപിഎം കിണഞ്ഞു ശ്രമിച്ചിരുന്നെങ്കിലും സിപിഐയുടെയും സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും നിലപാടുകളാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് വൈതരണിയായി മാറിയത്. അതുകൊണ്ട് തന്നെ കഴിഞ്ഞ മാസം കൂടിയ എല്‍ഡിഎഫ് യോഗം ഈ കാര്യത്തില്‍ ഒരു തീരുമാനം എടുത്തിരുന്നില്ല.

നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫ് പ്രവേശനം ബുദ്ധിമുട്ടാണ് എന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണിക്കും ബോധ്യമുണ്ട്. കഴിഞ്ഞ മാസം കൂടിയ സംസ്ഥാന സമ്മേളനത്തില്‍ ഇടതുമുന്നണി പ്രവേശനം പാര്‍ട്ടി പ്രഖ്യാപിക്കും എന്ന് സൂചന വന്നെങ്കിലും ആ തീരുമാനത്തില്‍ നിന്ന് കെ.എം.മാണി പിന്‍വലിയുകയായിരുന്നു.ഇതോടെയാണ് വീണ്ടും യുഡിഎഫ് പ്രവേശനം എന്ന നിലയിലേക്ക് പാര്‍ട്ടി നീങ്ങുന്നത്.

ക്രിസ്മസിനു തൊട്ടുമുന്‍പ് കെ.വി.തോമസ്‌ എംപി വിളിച്ചു കൂട്ടിയ യോഗത്തില്‍ ജോസ് കെ മാണി പങ്കെടുത്തത് ഇതിന്റെ സൂചനയാണ്. വെറും ക്രിസ്മസ് കൂടിക്കാഴ്ച എന്ന് ആ കൂടിക്കാഴ്ചയെ കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി 24 കേരളയോടു വിശേഷിപ്പിച്ചെങ്കിലും ഈ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങള്‍ പ്രകടമാണ്.

കെ.വി.തോമസ്‌ ആണ് കോണ്‍ഗ്രസില്‍ നിനുകൊണ്ട് വീണ്ടും കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് നീക്കാന്‍ ചരടുവലി നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ യുഡിഎഫ് അല്ലാതെ വേറെ വഴിയില്ല എന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കളും കരുതുന്നുണ്ട്.

ബിഡിജെഎസ് എന്‍ഡിഎ ഘടകകക്ഷിയായി രംഗത്തുണ്ടെങ്കിലും നിലവില്‍ അതൃപ്തരാണ്. കേന്ദ്രം നല്‍കിയ ഒരു വാഗ്ദാനവും പാലിക്കുന്നില്ലാ എന്നാണ് ബിഡിജെഎസ് നേതാക്കളുടെ പരാതി. ബിജെപി സംസ്ഥാന നേതൃത്വവും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലുള്ള പരിഗണന തങ്ങള്‍ക്ക് നല്കുന്നില്ലാ എന്ന തോന്നലും കേരളത്തിലെ ബിഡിജെഎസ് നേതൃത്വത്തിനുണ്ട്. ഈ ഘട്ടത്തിലാണ് എന്‍ഡിഎ വിട്ടു യുഡിഎഫ് പാളയത്തിലേക്ക് നീങ്ങാന്‍ ബിഡിജെഎസ് തയ്യാറെടുക്കുന്നത്.

കേരളാ കോണ്‍ഗ്രസ് എം നേരിടുന്ന പ്രതിസന്ധിയും ബിഡിജെഎസ് സംസ്ഥാന രാഷ്ട്രീയത്തില്‍ നേരിടുന്ന പ്രതിസന്ധിയും മുതലെടുത്താണ് ഈ രണ്ടു രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും യുഡിഎഫില്‍ എത്തിക്കുന്നതിന് യുഡിഎഫ് നേതാക്കള്‍ ശ്രമം തുടങ്ങിയത്. യുഡിഎഫ് വിടാന്‍ തയ്യാറെടുക്കുന്ന ജെഡിയു കേരളത്തിലെ ഒരു പ്രബല രാഷ്ട്രീയ കക്ഷിയാണ്.

മാതൃഭൂമി അടക്കമുള്ള മാധ്യമ സ്ഥാപനങ്ങള്‍ കൈവശമുള്ള വീരേന്ദ്രകുമാര്‍ യുഡിഎഫ് വിടുന്നത് ക്ഷീണമാണ്. ഈ സാഹചര്യത്തിലാണ്  ഇരുമുന്നണികളെയും യുഡിഎഫില്‍ എത്തിച്ച് യുഡിഎഫ് കെട്ടുറപ്പ് നിലനിര്‍ത്താന്‍ ശ്രമം നടക്കുന്നത്. ഇതിനു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ആശീര്‍വാദവും കോണ്‍ഗ്രസ് നേതൃത്വത്തിന്നുണ്ട്.

ജെഡിയു യുഡിഎഫ് വിട്ടില്ലെങ്കിലും യുഡിഎഫ് നല്‍കിയ എംപി സ്ഥാനം നാല് വര്‍ഷം ബാക്കി നില്‍ക്കെ തന്നെ വീരേന്ദ്രകുമാര്‍ രാജിവെച്ചത് വീരന്‍ യുഡിഎഫ് വിടുന്നതിന്റെ സൂചനയായാണ്‌ യുഡിഎഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. വീരേന്ദ്രകുമാര്‍ എംപി സ്ഥാനം വിട്ടതോടെ ജെഡിയുവിന്റെ പൊളിറ്റിക്കല്‍ ലൈന്‍ വ്യക്തമായതായാണ് യുഡിഎഫ് വിലയിരുത്തല്‍.

യുഡിഎഫ് വിടുന്നില്ലെങ്കില്‍ വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജി വയ്ക്കുമായിരുന്നില്ലാ എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നുള്ള വെളിപ്പെടുത്തല്‍ വരുന്നതും. പക്ഷെ ഈ അവസാന നിമിഷവും യുഡിഎഫ് വീരേന്ദ്രകുമാറിന്റെ കാര്യത്തില്‍ പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു നടത്തിയ പ്രതികരണവും ഇതാണ്   വ്യക്തമാക്കുന്നത്.

വീരേന്ദ്രകുമാറുമായി സംസാരിച്ചിട്ടുണ്ട്. പക്ഷെ ജെഡിയു യുഡിഎഫ് വിടാന്‍ സാധ്യതയില്ലാ എന്നാണ് ഉമ്മന്‍ചാണ്ടി ഇന്നു പ്രതികരിച്ചത്. നിതീഷ് കുമാറുമായുള്ള വിയോജിപ്പ്‌ ചൂണ്ടിക്കാട്ടിയാണ് വീരേന്ദ്രകുമാര്‍ രാജിവെച്ചത് എന്നാണ് ഉമ്മന്‍ ചാണ്ടി വിശദീകരിച്ചത്. കെ.പി.മോഹനന്‍, മനയത്ത് ചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ജെഡിയുവിനുള്ളില്‍ നടത്തുന്ന സമ്മര്‍ദ്ദം കൂടി പ്രതീക്ഷിച്ചാണ് ഈ കാര്യത്തില്‍ ഇന്നത്തെ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

ഒരു രാജ്യസഭാ സീറ്റും ഏഴ് അസംബ്ലി സീറ്റുമാണ് യുഡിഎഫ് ജെഡിയുവിനു നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെയാണ് ജെഡിയു യുഡിഎഫ് വിടാന്‍ തക്കതായ രാഷ്ട്രീയ കാരണങ്ങള്‍ ഇല്ലാ എന്ന് യുഡിഎഫ് നേതൃത്വം പ്രതികരിക്കുന്നത്. പക്ഷെ എല്‍ഡിഎഫിലേക്ക് തന്നെ നീങ്ങാനാണ് ജെഡിയുവിന്റെ നീക്കം. ഇത് മനസിലാക്കിയാണ്  ജെഡിയുവിനു പകരം ബിഡിജെഎസ്-കേരളാ കോണ്‍ഗ്രസ് എന്ന നിലപാടിലേക്ക് കോണ്‍ഗ്രസും നീങ്ങുന്നത്.