ബ്രസീലിയൻ ഫുട്‍ബോളിൽ ഇനി സ്വവര്‍ഗാനുരാഗികളുടെ കിക്കോഫ്

0
78

ഷഫീഖ്. എസ് 

ബ്രസീലിയൻ ഫുട്‍ബോൾ എന്നും ലോകത്തെ അത്ഭുതപെടുത്തിയിട്ടുള്ളു. റിയോയുടെ മണ്ണില്‍ നിന്ന് ചിറകടിച്ചുയരാന്‍ പുതിയൊരു കൂട്ടം കാനറിപക്ഷികള്‍ ഒരുങ്ങുകയാണ്. കണ്ണീരു വീണ മൈതാനത്തിന്റെ പുല്‍ക്കൊടികളില്‍ വിജയാരവം കൊണ്ട് കണക്ക് തീര്‍ക്കാന്‍ ഇതിലും വലിയൊരവസരം ബ്രസീലിലെ ഈ കൂട്ടർക്കില്ല. അഞ്ചുവട്ടം ലോകചാപ്യന്മാ‍രായിട്ടും ഫുട്ബാളിന്റെ രാജാക്കന്മാരായി അരങ്ങു വാണിട്ടും ഫുട്ബാള്‍താരങ്ങളിലെ സൂപ്പര്‍സ്റ്റാറുകളാല്‍ സമ്പന്നരായിട്ടും കിട്ടാത്ത സംതൃപ്തിക്ക് വേണ്ടിയാണ് ബ്രസീലിലെ ഈ കൂട്ടം.

“പട്ടിണികിടന്നാലും ഹൃദയത്തിൽ നിന്ന് പന്ത് മാറ്റിവെയ്ക്കാൻ ബ്രസീലിയൻ ജനത തയാറല്ല.” ഈ വിശേഷണം ആ നാടിനു കിട്ടിയത് കാൽപ്പന്തു കളിയോട് അവർ കാണിച്ച ആവേശത്തിന്റെ കരുത്തിൽ നിന്നാണ്. ഫുട് ബോളിനെ പ്രാണവായു പോലെ കൊണ്ട് നടക്കുന്ന ആ നാട്ടിൽ അധികം ചർച്ച ചെയ്തിട്ടില്ലാത്ത വിവാദങ്ങളാണ് ഇപ്പോൾ തലപൊക്കുന്നത്. ബ്രസീലിലെ ഫുട്ബാൾ ലോകം വലിയ തോതിൽ പുരുഷ കേന്ദ്രികൃതമാണ്. കാലങ്ങളായി പുരുഷന്മാർക്ക് ഒപ്പം തങ്ങൾക്കും പരിഗണന നൽകണമെന്ന വാദം ബ്രസീലിയൻ വനിതാ ഫുട്ബോൾ താരങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഈ വാദത്തിനു വേണ്ട പരിഗണന ബ്രസീലിൽ ലഭിച്ചിട്ടില്ല. പൗരുഷത്തിന്റെ കളിയാണെന്ന് ആണ് അവിടുത്തെ പുരുഷ കേന്ദ്രികൃത സമൂഹം ഫുട്‌ബോളിനെ വിശേഷിപ്പിക്കുന്നത്.

അങ്ങനെപന്തുകളിക്കുന്ന സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്ന ഫുട്‌ബോള്‍ ലോകത്തിലേക്ക് എല്‍ജിബിടി സമൂഹം കൂടി കടന്നു വന്നാൽ എങ്ങനെയാകും ആ പുരുഷകേന്ദ്രികൃത സമൂഹം പ്രതികരിക്കുക. ഈ വിഷയത്തെ കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ അഴാങ് കൈസര്‍ വിശധികരിക്കുന്നുണ്ട്. സ്വവര്‍ഗ്ഗരതിയെ പേടിക്കുന്ന അല്ലെങ്കില്‍ പുച്ഛിക്കുന്ന യഥാസ്ഥിതികാരായ പുരുഷന്മാരുടെ കളിയാണ് ബ്രസീലില്‍ ഫുട്‌ബോള്‍ എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഈ വാദത്തിനു അനുകൂലമായ ഒരുപാട് സംഭവങ്ങളും ബ്രസീലിയൻ ഫുട് ബോൾ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ലഭിക്കുകയും ചെയ്യും.
2013ല്‍ പ്രൊഫഷണൽ ഫുട്‌ബോളറായ എമേഴ്‌സ ഷേഖ് മറ്റൊരു പുരുഷനെ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടപ്പോള്‍ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ‘ഇത് ആണുങ്ങള്‍ക്കുള്ള ഇടമാണ്’ എന്ന മുദ്രാവാക്യം മുഴക്കി സ്വവര്‍ഗ്ഗാനുരാഗികളെ അപമാനിക്കാനും പ്രതിഷേധക്കാര്‍ മറന്നില്ല. താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണ് എന്ന് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ തന്റെ ടീം മാനേജര്‍ ആരോപിച്ചതിന്റെ പേരില്‍ 2007ല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായ റിച്ചാര്‍ല്യസ കേസുകൊടുത്തപ്പോള്‍, പൗരുഷത്തിന്റെയും ആണത്തത്വത്തിന്റെയും കളിയാണ് ഫുഡ്‌ബോളെന്നും സ്വവര്‍ഗാനുരാഗികള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും ചൂണ്ടിക്കാട്ടി ജഡ്ജി പരാതി തള്ളിക്കളയുകയായിരുന്നു.

എന്നാൽ ഇതിനെല്ലാം ഇടയിലും ബ്രസീലിയൻ ഫുട് ബോൾ ലോകത്തു നിന്ന് ഒരു വലിയ വാർത്ത പുറത്തു വന്നിരിക്കുന്നു.എല്‍ജിബിടി സമൂഹത്തില്‍പെട്ടവര്‍ സ്വന്തമായി ഒരു ലീഗ് തന്നെ ആരംഭിച്ചിരിക്കുന്നു. ഈ സമൂഹത്തില്‍ നിന്നുള്ള അംഗങ്ങള്‍ മാത്രമുള്ള ടീമുകള്‍ മത്സരിക്കുന്ന ‘ചാമ്പ്യന്‍സ് ലിഗെ’ എന്ന ദേശീയ ടൂര്‍ണമെന്റ് നടക്കുന്നു. റിയോയില്‍ രൂപം കൊണ്ട ബീസ്‌ക്യാറ്റ്‌സ് സോക്കര്‍ ബോയ്‌സ് എന്ന ക്ലബ്ബാണ് എല്‍ജിബിടി സമുഹത്തിന്റെ പേരില്‍ ആദ്യം സ്ഥാപിതമായത്. ആന്ദ്രെ മച്ചാഡോ എന്നയാണ് സാവോ പോളോയിലാണ് ക്ലബിന് രൂപം കൊണ്ടത്. വാടകയ്ക്ക് എടുത്ത മൈതാനത്ത് ആദ്യം 15 പേരാണ് പരിശീലനത്തിന് എത്തിയതെങ്കില്‍, നിലവില്‍ 150 പേര്‍ പരിശീലനത്തിനെത്തുന്നുണ്ട്. എല്‍ജിബിടി സമൂഹത്തെ ഫുട്‌ബോളില്‍ നിന്നും നിരോധിക്കുന്ന ഒരു നിയമവും രാജ്യത്ത് നിലവില്‍ ഇല്ലെന്നും എന്നാല്‍ ചില അപ്രഖ്യാപിത നിരോധനങ്ങളാണ് നിലനില്‍ക്കുതെന്നും മച്ചാഡോ പറയുന്നു.

മഞ്ഞയും പച്ചയും കലര്‍ന്ന ബ്രസീലിയന്‍ പതാകയുടെ അതേ നിറത്തില്‍ നൃത്തം ചവിട്ടുന്ന സാംബാസ്നേഹികള്‍ മാറക്കാനയുടെ മാസ്മരികതയില്‍ ചരിത്രത്തെ തിരുത്തിക്കുറിക്കുന്നത് കാണാന്‍ കാല്പന്തുകളിയെ സ്നേഹിക്കുന്ന ഈ കൂട്ടർക്ക് കഴിയും അതിന് കാത്തിരിക്കാം.

എന്നാൽ ഈ പുതിയ മുന്നേറ്റം പുരുഷ കേന്ദ്രികൃത ബ്രസീലിയൻ ഫുട്ബോൾ വാദികളെ ശരിക്കും ചൊടുപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ അടക്കം വിമർശങ്ങളുമായി ഇവർ രംഗത് എത്തിയിട്ടും ഉണ്ട്. എന്നാൽ വലിയ പ്രതിക്ഷയോടേയാണ് ബ്രസീലിലെ പുരോഗമനവാദികൾ ഇതിനെ കാണുന്നത്.