ഭൂമിവിവാദം അവസാനിപ്പിക്കാന്‍ സിനഡ് ആവശ്യം; തനിക്കുണ്ടായത് സാങ്കേതി പിഴവ് മാത്രമെന്ന് ജോര്‍ജ് ആലഞ്ചേരി

0
60

കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയെ പിടിച്ചുലച്ചിരിക്കുന്ന ഭൂമി വില്‍പന വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ സ്ഥിരം സിനഡിന്റെ നിര്‍ദേശം. സംഭവം വന്‍വിവാദത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് സ്ഥിരം സിനഡ് അടിയന്തരയോഗം ചേര്‍ന്നത്. ഭുമി വില്‍പനയില്‍ തനിക്കുണ്ടായത് സാങ്കേതി പിഴവ് മാത്രമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എന്നാല്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന നിലപാടിലാണ് വിമതവിഭാഗം.

സ്ഥിരം സിനഡില്‍ അംഗങ്ങളല്ലാത്ത എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്‍മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍വീട്ടിലിനെയും യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചുവരുത്തിയിരുന്നു. നിലവിലുള്ള വിവാദം അവസാനിപ്പിക്കണമെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ സഹായമെത്രാന്‍മാര്‍ മുന്‍കൈ എടുക്കണമെന്നും സിനഡ് നിര്‍ദേശിച്ചു. കര്‍ദിനാളിനെതിരെ നിലപാട് സ്വീകരിച്ച വൈദികരെ പ്രത്യേകം വിളിച്ച് ചേര്‍ത്ത് പ്രശ്നത്തില്‍ സമവായം ഉണ്ടാക്കണമെന്നും അതിരൂപതയിലെ പ്രധാന സമിതികള്‍ വിളിച്ച് ചേര്‍ത്ത് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും സിനഡ് ആവശ്യപ്പെട്ടു.

ഭൂമിവില്‍പന വിവാദം അന്വേഷിക്കുന്ന കാനോനിക സമിതിയും ആരോപണം ഉന്നയിച്ച വൈദികരും സംയുക്തമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പ്രശ്നങ്ങള്‍ അവസാനിച്ചതായി അറിയിക്കണം. ഈ മാസം അതിരൂപതാ വൈദികസമിതി വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍പാപ്പയ്ക്ക് പരാതി അയയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ അതിരൂപതാ വൈദികസമിതിക്ക് തീരുമാനം എടുക്കാമെന്നും സിനഡ് വ്യക്തമാക്കി.

അതേസമയം, വൈദികരുമായി കൂടിയാലോചിക്കാതെ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് സഹായമെത്രാന്‍മാര്‍ വ്യക്തമാക്കിയത്. ഭൂമി വില്‍പനയില്‍ തനിക്ക് സാങ്കേതികമായി പിഴവുകള്‍ സംഭവിച്ചതായി മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥിരം സിനഡില്‍ വ്യക്തമാക്കി. ഇതിന്റെ പേരില്‍ രൂപതയിലെ വൈദികരോട് മൂന്ന് തവണ ക്ഷമാപണം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ആലഞ്ചേരി ഉറപ്പ് നല്‍കി
കര്‍ദിനാളിന്റെ വാദങ്ങള്‍ അംഗീകരിച്ച സ്ഥിരം സിനഡ് അടുത്തയാഴ്ച ചേരുന്ന സമ്പൂര്‍ണ സിനഡില്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്