മാണിയെ സ്വാഗതം ചെയ്ത് സിപിഎം കോട്ടയം ജില്ലാ സമ്മേളന റിപ്പോര്‍ട്ട്

0
63

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കേരളാ കോണ്‍ഗ്രസുമായുള്ള ബന്ധത്തെ സ്വാഗതം ചെയ്തും സിപിഐ യെ ഇകഴ്ത്തിയും പരാമര്‍ശം. ജില്ലാ പഞ്ചായത്തില്‍ മാണി വിഭാഗവുമായുണ്ടാക്കിയ സഖ്യം സംസ്ഥാനത്തു മാതൃകയാക്കാവുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീയതയുണ്ടായെന്നും റിപ്പോര്‍ട്ട് സമ്മതിക്കുന്നു. ബുധനാഴ്ച റിപ്പോര്‍ട്ടിന്‍മേലുള്ള പൊതു ചര്‍ച്ച നടക്കും.

കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളാണ് കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്നതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടതെങ്കിലും ജില്ലാ ഘടകത്തിന്റെ അഭിപ്രായത്തിനും പ്രാധാന്യമുണ്ടെന്നിരിക്കെയാണു പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശം ശ്രദ്ധേയമാകുന്നത്. ജില്ലാ പഞ്ചായത്തില്‍ മാണി വിഭാഗവുമായുണ്ടാക്കിയ സഖ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ഇതു സംസ്ഥാനത്താകെ മാതൃകയാക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളാ കോണ്‍ഗ്രസുമായുള്ള ബന്ധം സിപിഎമ്മിനു ഗുണം ചെയ്‌തെന്നും റിപ്പോര്‍ട്ട് സമ്മതിക്കുന്നു.

അതേസമയം, സിപിഐ യ്‌ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായി. സിപിഐയുടെ ശക്തി കുറഞ്ഞെന്നും പാര്‍ട്ടി സെക്രട്ടറിയായ കാനം രാജേന്ദ്രന്റെ ജില്ലയായിട്ടും കോട്ടയത്തെ പ്രധാന ശക്തികേന്ദ്രങ്ങമായ വൈക്കത്തുപോലും സിപിഐയ്ക്കു പഴയ സ്വാധീനമില്ലാതായെന്നും റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, സിപിഐയുടെ ശക്തി കുറഞ്ഞ സ്ഥലങ്ങളില്‍ ബിജെപി കരുത്താര്‍ജിക്കുന്നുവെന്നും പരാമര്‍ശമുണ്ട്. ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീതയുണ്ടായെന്നും പാലായിലും പുതുപ്പള്ളിയിലും ഏരിയ സെക്രട്ടിറിമാര്‍ പരാജയപ്പെട്ടതിനെക്കുറിച്ചു കമ്മീഷന്‍ അന്വേഷിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടം തുടര്‍ന്നു വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ കഴിയാതെ പോയത് പോരായ്മയായ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏതായാലും കേരളാ കോണ്‍ഗ്രസിനോടുള്ള ചായ്‌വ് സിപിഐയുടെ ദൗര്‍ബല്യങ്ങളെ ഉയര്‍ത്തിക്കാണിച്ചു അവതരിപ്പിക്കപ്പെട്ടതോടെ വരും ദിവസങ്ങളിലും വിഷയം രാഷ്ട്രീയമായി കൂടുതല്‍ ചര്‍ച്ചച്ചെയ്യപ്പെടുമെന്നുറപ്പായി.