മിതാലിരാജ് ഇന്ത്യന്‍ ടീമിന്റെ കോച്ചാകുന്നത് നന്നായിരിക്കുമെന്ന് ഷാരൂഖ് ഖാന്‍

0
82

മുംബൈ: ഇന്ത്യന്‍ വനിതാ ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ച ക്യാപ്റ്റനാണ് മിതാലി. ഏകദിനക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള ബാറ്റ്സ്വുമണ്‍ എന്ന റെക്കോര്‍ഡും മിതാലിയുടെ പേരിലാണ് ഉള്ളത്. കൂടാതെ ലോകകപ്പ് ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ചിട്ടുള്ള ഏക താരവും മിതാലിയാണ്.

കളിക്കളത്തില്‍ നൂറു ശതമാനം അര്‍പ്പണബോധത്തോടെ ഇടപെടുന്ന മിതാലിരാജ്, ഭാവിയില്‍ ഇന്ത്യന്‍ പുരുഷടീമിന്റെ കോച്ചാകുന്നത് നന്നായിരിക്കുമെന്നാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഷാരൂഖ് ഖാന്‍ അവതാരകനായ പുതിയ ടിവി ഷോയില്‍ മിതാലിരാജ് അതിഥിയായെത്തിയപ്പോഴാണ് ഷാരൂഖ് ഖാന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

പരിപാടിയില്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചുമുള്ള കൂടുതല്‍ വിശേഷങ്ങള്‍ മിതാലി പങ്കുവെച്ചു. ക്രിക്കറ്റ് കഴിഞ്ഞാല്‍ വായനയാണ് കൂടുതലായി ഇഷ്ടപ്പെടുന്നതെന്നും മിതാലി വ്യക്തമാക്കി. മല്‍സരദിവസങ്ങളിലാണ് താന്‍ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുക. ഇത് മാനസികസമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുമെന്നും മിതാലി പറഞ്ഞു.

ഇക്കഴിഞ്ഞ വനിതാലോകകപ്പിനിടെ മിതാലി പുസ്തകം വായിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മിതാലിയുടെ കീഴില്‍ ഇന്ത്യ രണ്ടുതവണ ലോകകപ്പ് ഫൈനല്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ 2017ല്‍ ഇംഗ്ലണ്ടിനോടും 2015ല്‍ ഓസ്ട്രേലിയയോടും ഇന്ത്യ തോല്‍ക്കുകയായിരുന്നു. ഫൈനലില്‍ തോറ്റെങ്കിലും മിതാലിയുടെ ഇന്ത്യന്‍ ടീമിന് ലഭിച്ച പിന്തുണ ഏറെ ശ്രദ്ധേയമായിരുന്നു.