മുത്തലാഖ് ബില്‍; ബിജെപി എം.പിമാര്‍ക്ക് വിപ്പ് നല്‍കി

0
51

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെ ബിജെപി എം.പിമാര്‍ക്ക് വിപ്പ് നല്‍കി. അടുത്ത മൂന്നു ദിവസം നിര്‍ബന്ധമായും രാജ്യസഭയില്‍ ഉണ്ടായിരിക്കണമെന്നാണ് ബിജെപി എം.പിമാരോട് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്‌സഭയില്‍ പാസാക്കിയ ബില്‍ ഭേദഗതികളില്ലാതെ രാജ്യസഭയില്‍ പാസാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ ഭേദഗതിയില്ലാതെ പാസാക്കുക കേന്ദ്രത്തിന് അസാധ്യമാണ്. 57 അംഗങ്ങള്‍ വീതമാണ് കോണ്‍ഗ്രസിനും ബിജെപിയ്ക്കും രാജ്യസഭയിലുള്ളത്. ഇടതുപക്ഷവും അണ്ണാ ഡിഎംകെയും ബിജു ജനതാദളും എന്‍സിപിയും അടക്കം പ്രതിപക്ഷത്തുള്ള എഴുപത്തഞ്ചോളം അംഗങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട ബില്‍ ചര്‍ച്ചയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന അഭിപ്രായമാണുള്ളത്. പതിനഞ്ചോളം ബിജെപിയിതര അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ പിന്തുണയ്ക്കുന്നത്.