രണ്ട് മണിക്കൂറിനുള്ളില്‍ ആറ് കൊലപാതകങ്ങള്‍; മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

0
71

ഗുരുഗ്രാം: കൊലപാതക പരമ്പരകളുടെ ഞെട്ടിക്കുന്ന വാര്‍ത്തകേട്ടാണ് ഹരിയാനയിലെ പല്‍വാല്‍ നഗരം ചൊവ്വാഴ്ച ഞെട്ടിയുണര്‍ന്നത്. ഇവിടെ രണ്ട് മണിക്കൂറിനുള്ളില്‍ ആറ് പേരാണ് കൊലചെയ്യപ്പെട്ടത്. ആറ് കൊലപാതകങ്ങളും നടത്തിയത് ഒരാള്‍ തന്നെയാണ്. മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ആറ് പേരും കൊലചെയ്യപ്പെട്ടത്. പുലര്‍ച്ചെ രണ്ടരയോടെ സ്ഥലത്തെ ഒരു ആശുപത്രിയില്‍ വച്ച് ആദ്യം ഒരു സ്ത്രീയെ ആണ് പ്രതി തലയ്ക്കടിച്ചു കൊന്നത്. തുടര്‍ന്ന് വഴിയിലേക്കിറങ്ങിയ പ്രതി പല്‍വാലിലെ ആഗ്ര റോഡ് മുതല്‍ മിനാര്‍ ഗേറ്റ് വരെ വഴിയരികില്‍ കണ്ട നാലുപേരെ കമ്പിവടിക്ക് അടിച്ചുകൊന്നത്. ഏറ്റവും ഒടുവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഒരാള്‍ കമ്പിവടിയുമായി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇതേത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം തന്നെ ആദര്‍ശ് നഗറില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മുന്‍ കരസേന ഉദ്യോഗസ്ഥനായ നരേഷ് എന്നയാളാണ് പിടിയിലായത്. പിടികൂടിയപ്പോള്‍ ഇയാള്‍ പൊലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ചു.