രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായുള്ള സംഭാവന ഇനി ഇലക്ടറല്‍ ബോണ്ട് വഴി: വിജ്ഞാപനമായി

0
134

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനായി ഇനി മുതല്‍ ഇലക്ടറല്‍ ബോണ്ടുകള്‍. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിന് ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുമെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ബജറ്റ് പ്രഖ്യാപനമാണ് ഇപ്പോള്‍ വിജ്ഞാപനമായി ഇറങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കോ ഇന്ത്യന്‍ പൗരന്മാര്‍ക്കോ ഇല്കടറല്‍ ബോണ്ട് വാങ്ങാവുന്നതാണ്. സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്ന തുകയുടെ മൂല്യത്തോടു ചേര്‍ന്ന 1000, 10,000, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ പ്രോമിസറി നോട്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍നിന്ന് ഇടപാടുകാര്‍ക്ക് വാങ്ങാം.

ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് 10,000 രൂപ സംഭാവന നല്‍കണമെങ്കില്‍ അത് ബാങ്കില്‍നിന്ന് 1,000 രൂപയുടെ 10 ബോണ്ടുകളായി വാങ്ങി നല്‍കാം. ഇതു കൈമാറി കിട്ടിയാല്‍ ആ പാര്‍ട്ടിയുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടില്‍ പണമെത്തും. ഈ സംവിധാനം പ്രാബല്യത്തിലായാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പണമിടപാടുകളില്‍ സുതാര്യത ഉറപ്പുവരുത്താനാകും. മാത്രമല്ല, ഇലക്ടറല്‍ ബോണ്ട് പ്രാബല്യത്തിലാകുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനകള്‍ക്ക് ഇത്തരം രീതി സ്വീകരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. സംഭാവന നല്‍കുന്നയാള്‍, രാഷ്ട്രീയ പാര്‍ട്ടി, റിസര്‍വ് ബാങ്ക് എന്നിവരാണ് ഇലക്ടറല്‍ ബോണ്ടിലെ ഇടപാടുകാര്‍.

ബാങ്കില്‍ നിന്ന് വാങ്ങുന്ന ഇലക്ടറല്‍ ബോണ്ടിന് 15 ദിവസം മാത്രമായിരിക്കും കാലാവധിയുണ്ടാവുക. സ്വീകരിക്കുന്ന ആളുടെ പേര് ബോണ്ടില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. 1951ലെ ജനപ്രാതിനിധ്യനിയമം 29 എ വകുപ്പ് പ്രകാരം റജിസ്റ്റര്‍ ചെയ്തിട്ടുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കു മാത്രമേ ബോണ്ട് വഴി സംഭാവന നല്‍കാനാകൂ. മാത്രമല്ല, അവസാന പൊതുതിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ ഒരു ശതമാനമെങ്കിലും നേടിയ പാര്‍ട്ടികള്‍ക്കു മാത്രമേ ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കാന്‍ സാധിക്കുകയുള്ളൂ.
ഈ പദ്ധതിയില്‍പ്പെടുന്ന ഇലക്ടറല്‍ ബോണ്ടുകള്‍ ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന 10 ദിവസങ്ങളില്‍മാത്രമേ ബാങ്കില്‍നിന്നു വാങ്ങാനാകുകയുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പു വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനു മറ്റൊരു 30 ദിവസം കൂടി ബോണ്ട് വാങ്ങുന്നതിനായി നീട്ടിനല്‍കാം. ബാങ്ക് വഴി മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇലക്ടറല്‍ ബോണ്ട് മാറിയെടുക്കാനാകൂ.