വംശമറ്റുപോയ സിറിയന്‍ ആന വംശം

0
75
സിംഹങ്ങളെ നേരിടുന്ന സിറിയന്‍ ആന റോമന്‍ ചുവര്‍ ചിത്രം

ഋഷിദാസ്

ആനവംശത്തിന് ഇപ്പോള്‍ മൂന്ന് ഉപവര്‍ഗങ്ങളുണ്ട് എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്നത്. ഏഷ്യന്‍ ആനകളും ആഫ്രിക്കന്‍ ബുഷ് ആനകളും ആഫ്രിക്കന്‍ കാട്ടാനകളും. പക്ഷെ ഏഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ കുള്ളന്‍ ആനകളും കോങ്കോയിലെ വലിപ്പം കുറഞ്ഞ ആഫ്രിക്കന്‍ ആനകളും വ്യത്യസ്ത ഉപവര്‍ഗങ്ങളാണെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. പക്ഷെ മറ്റു പല ആന വര്‍ഗ്ഗങ്ങളും നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഭൂമിയില്‍ വിഹരിച്ചിരുന്നു. അവയില്‍ ഒന്നാണ് എഡി 100നടുപ്പിച്ചു വംശനാശം സംഭവിച്ച് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായ സിറിയന്‍ ആനകള്‍.

സിറിയന്‍ ആനയുടെ ഫോസില്‍

ഏഷ്യന്‍ ആനകളുടെ ഒരു ഉപവര്‍ഗമായിരുന്നു സിറിയന്‍ ആന. ഇറാനിലെ ചതുപ്പുനിലങ്ങള്‍ മുതല്‍ സിറിയയിലെയും തുര്‍ക്കിയിലെയും സമതലങ്ങളില്‍ വരെ ഈ ആന വംശം ഒരിക്കല്‍ വിഹരിച്ചിരുന്നു. പക്ഷെ ഇന്ത്യയിലെപോലെ ആനകളെ മെരുക്കിയെടുക്കാനോ നിലനിര്‍ത്താനോ ഈ പ്രദേശങ്ങളിലെ രാജാക്കന്മാര്‍ ശ്രമിച്ചില്ല. ഈ വലിയ മൃഗത്തെ കൊന്നൊടുക്കുന്നതായിരുന്നു അവരുടെ നയം.

ഹാന്നിബാളിന്റെ ആനയായിരുന്ന സാറസ് ആയിരുന്നു പ്രശസ്തനായ ഒരു സിറിയന്‍ ആന. സിറിയയില്‍ നിന്നും പിടിച്ചതിനാലാണ് ഹാന്നിബാല്‍ തന്റെ ആനക്ക് സാറസ് എന്ന പേര് നല്‍കിയത്. ഈ ആനപ്പുറത്തായിരുന്നു ഹാന്നിബാലിന്റെ സഞ്ചാരവും യുദ്ധവും. പതിനൊന്നടിയിലേറെ ഉയരമുള്ള ഒറ്റക്കൊമ്പനായ ഒരു ഭീമാകാരന്‍ ആയിരുന്നു സാറസ്. അക്കാലത്ത് തന്നെ സിറിയന്‍ ആനകള്‍ എന്നതില്‍ കുറവായിരുന്നിരിക്കാനാണ് സാധ്യത. ഹാന്നിബാളിന്റെ സൈന്യത്തിലെ മറ്റാനകളെല്ലാം തന്നെ വംശമറ്റുപോയ ആഫ്രിക്കന്‍ ആനകളുടെ ഉപവര്‍ഗമായ അറ്റ്‌ലസ് ആനകള്‍ ആയിരുന്നു.

സിറിയന്‍ ആനയുടെ വിതരണം

സിറിയന്‍ ആനകളെ കൊമ്പിനുവേണ്ടിയും വിനോദത്തിനുവേണ്ടിയും നിഷ്‌കരുണം കൊല ചെയ്തുകൊണ്ടിരുന്നു. ഒരിക്കല്‍ ആയിരക്കണക്കിനുണ്ടായിരുന്ന ഇവ എഡി 100ഓടെ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായി.