വിവാദങ്ങള്‍ക്ക് താത്ക്കാലത്തേക്ക് വിട; എന്‍സിപി കേരളാ ഘടകം സംഘടനാ തിരഞ്ഞെടുപ്പിലേക്ക്

0
62
LDF meeting @ AKG centre, Thiruvananthapuram - 12 11 2017 - Photo @ Rinkuraj Mattancheriyil

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് താത്ക്കാലത്തേക്കെങ്കിലും വിട നല്‍കി എന്‍സിപി കേരള ഘടകം സംഘടനാ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുന്നു. ശശീന്ദ്രന്‍, തോമസ്‌ ചാണ്ടി കേരളാ കോണ്‍ഗ്രസ് (ബി) വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഏല്‍പ്പിച്ച പോറലുകള്‍ തത്ക്കാലത്തെങ്കിലും മറന്നുകൊണ്ടാണ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി പ്രവേശിക്കുന്നത്.

മൂന്നു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കാണ് ഇപ്പോള്‍ പാര്‍ട്ടി സജ്ജമാകുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം ഒരു തടസ്സവും കൂടാതെ പൂര്‍ത്തിയാക്കി സംസ്ഥാന കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ 24 കേരളയോടു പറഞ്ഞു.

വിവാദങ്ങള്‍ ഒന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. മാര്‍ച്ച് 15 ന് സംസ്ഥാന തിരഞ്ഞെടുപ്പ് നടത്താനാണ് എന്‍സിപി ഒരുങ്ങുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ സംസ്ഥാന തല ഭാരവാഹികള്‍ സ്ഥാനമേറ്റെടുക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങി സംസ്ഥാന ഭാരവാഹികള്‍ ഈ തിരഞ്ഞെടുപ്പോട് കൂടി വരും.

[പുതിയ സംസ്ഥാന കമ്മറ്റിയാണ് ആ സമയത്ത് നിലവില്‍ വരുന്നത്. ദേശീയ കമ്മറ്റി ഭാരവാഹികളെയും ഈ സമയത്ത് തിരഞ്ഞെടുക്കും. സംസ്ഥാന കമ്മറ്റിയിലേക്ക് ഒരു നിയോജകമണ്ഡലത്തില്‍ നിന്ന് മൂന്നു പേര്‍ വീതം വരും. 140 നിയോജകമണ്ഡലത്തില്‍ നിന്ന് മൂന്നു പേര്‍ വീതം വരുന്നതാണ് സംസ്ഥാന ജനറല്‍ ബോഡി. ഈ ജനറല്‍ ബോഡിയില്‍ നിന്നാണ് സ്റ്റേറ്റ് എക്സിക്യൂട്ടിവിനെ തിരഞ്ഞെടുക്കുന്നത്.

സംസ്ഥാന കമ്മറ്റി മെമ്പര്‍മാരില്‍ നിന്ന് ദേശീയ സമിതി മെമ്പര്‍മാരെ തിരഞ്ഞെടുക്കും. സംസ്ഥാന കമ്മറ്റി മെമ്പര്‍മാരുടെ പത്തിലൊന്നു ആളുകളെയാണ് ദേശീയ സമിതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. . ഈ നാഷണല്‍ കമ്മറ്റിയാണ് ദേശീയ പ്രസിഡന്റിനേയും മറ്റുള്ളവരെയും തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ക്ലോസ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരിയില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങും. മെമ്പര്‍ഷിപ്പ് സ്ക്രീനിംഗ്, മെമ്പര്‍ഷിപ്പ് സംബന്ധമായ പരാതികള്‍ തുടങ്ങിയവ ഈ മാസം പരിഗണിക്കുകയും തീര്‍പ്പ്‌ കല്‍പ്പിക്കുകയും ചെയ്യും. ഫെബ്രുവരി ആദ്യവാരം മെമ്പര്‍ഷിപ്പ് ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. നോമിനേഷന്‍ രീതി അല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് തന്നെയാണ് നടക്കുന്നത്. ഫെബ്രുവരി 15 നു യൂണിറ്റ് തലത്തിലുള്ള തിരഞ്ഞെടുപ്പ് നടക്കും.

മണ്ഡലം, ജില്ലാ തിരഞ്ഞെടുപ്പുകള്‍ അതിനു ശേഷം നടക്കും. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടി സംസ്ഥാന തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. സംസ്ഥാന തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏപ്രില്‍ അല്ലെങ്കില്‍ മെയില്‍ ദേശീയ കണ്‍വെന്‍ഷന്‍ നടക്കും. ഈ കണ്‍വെന്‍ഷനിലാണ് വര്‍ക്കിംഗ് പ്രസിഡന്റ്, ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ദേശീയ കണ്‍വെന്‍ഷന്‍ നടക്കും മുന്‍പ് സംസ്ഥാന തലത്തിലുള്ള എല്ലാ തിരഞ്ഞെടുപ്പുകളും പൂര്‍ത്തീകരിച്ചിരിക്കും. മാര്‍ച്ചില്‍ നടക്കുന്ന സംസ്ഥാന കമ്മറ്റി തിരഞ്ഞെടുപ്പിന് ഇപ്പോള്‍ പാര്‍ട്ടി സജ്ജമാകുകയാണ്. നീണ്ടു നില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയകളാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത്.

ജനുവരി അഞ്ചിനാണ് പാര്‍ട്ടി മുന്‍ മന്ത്രിയും എംഎല്‍എയുമായ എ.കെ.ശശീന്ദ്രന്റെ കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. ആര്‍.ബാലകൃഷ്ണപിള്ള നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് (ബി) യെ എന്‍സിപിയില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടിക്ക് പരുക്കേറ്റിരിക്കുന്ന സാഹചര്യത്തില്‍ ജനുവരി അഞ്ചിന് ഹൈക്കോടതി പരിഗണിക്കുന്ന എ.കെ.ശശീന്ദ്രന്‍ കേസ് പാര്‍ട്ടി ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്.