സംസ്ഥാനത്ത് ഇന്ന് മെഡിക്കല്‍ ബന്ദ്

0
54
Doctor in front of a bright background

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രാജ്യവ്യാപകമായി ഇന്ന് മെഡിക്കല്‍ ബന്ദ് നടത്തും. കേരളത്തിലെ ഡോക്ടര്‍മാരും പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനവും
സ്തംഭിക്കാനാണ് സാധ്യത.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍) നേതൃത്വത്തില്‍ ഇന്നു രാവിലെ ഒന്‍പതു മുതല്‍ പത്തുവരെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിക്കും.

അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളും ഗുരുതര രോഗികള്‍ക്കുള്ള പരിചരണ സേവനങ്ങളും ഒഴികെ ആശുപത്രി സംബന്ധമായ എല്ലാ സേവനങ്ങളും നിര്‍ത്തിവയ്ക്കും.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നു സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കുകയും ചെയ്യും. മെഡിക്കല്‍ വിദ്യാര്‍ഥികളും പണിമുടക്കില്‍ പങ്കുചേരും. എന്നാല്‍, അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ജോലിചെയ്യും. ഐഎംഎയുടെ നേതൃത്വത്തില്‍ ഇന്നു ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും രാജ്ഭവന്‍ മാര്‍ച്ചുമുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തെ തകര്‍ക്കാനുള്ള നടപടിയാണു കേന്ദ്രത്തിന്റേതെന്നു കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.വി.മധു, ജന.സെക്രട്ടറി ഡോ.എ.കെ.റഊഫ് എന്നിവര്‍ ആരോപിച്ചു.