സിപിഎം കോട്ടയം ജില്ലാസമ്മേളനത്തിന് കൊടി ഉയര്‍ന്നു

0
57

കോട്ടയം: സിപിഎം കോട്ടയം ജില്ലാസമ്മേളനത്തിന് കൊടി ഉയര്‍ന്നു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ചയ്ക്കും ഇന്ന് തുടക്കമാകും. കേരള കോണ്‍ഗ്രസ് ബാന്ധവവും പൂഞ്ഞാറിലെ കൂട്ട നടപടികളും പ്രതിനിധികള്‍ വിമര്‍ശനവിധേയമാക്കും.

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസുമായുണ്ടാക്കിയ ഉപാധിരഹിത കൂട്ടുകെട്ടാണ് സിപിഎം കോട്ടയം ജില്ലാസമ്മേളനത്തെ ശ്രദ്ധേയമാക്കുന്നത്. ബാര്‍കോഴ വിഷയത്തില്‍ കെഎം മാണിക്കെതിരെ ശക്തമായ പ്രക്ഷോഭ സമരപരിപാടികളുമായി രംഗത്തിറങ്ങിയ പ്രവര്‍ത്തകര്‍ക്ക് ഈ ബാന്ധവം ഇനിയും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ജില്ലയില്‍ പരീക്ഷിച്ച അടവുനയം വന്‍ വിജയമായിരുന്നുവെന്ന നിലപാടാണ് ജില്ലാനേതൃത്വത്തിനുള്ളത്.

സിപിഎമ്മിന് എക്കാലത്തും ബാലികേറാമലയായ മധ്യകേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകളില്‍ കടന്നുകയറാനുള്ള ഏകമാര്‍ഗം കേരള കോണ്‍ഗ്രസിനെ പാളയത്തിലെത്തിക്കുക എന്നത് മാത്രമാണെന്ന് പാര്‍ട്ടി നേതൃത്വത്തിന് നന്നായറിയാം. ബിജെപിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കാന്‍ മതേതര ജനാധിപത്യ പാര്‍ട്ടികളുമായി കൂട്ടുചേരുന്നതില്‍ തെറ്റില്ലെന്ന് ആവര്‍ത്തിക്കുന്നതിലൂടെ ആ നിലപാടാണ് നേതാക്കള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഇടയനെ അടിച്ച് ആടിനെ ചിതറിക്കാന്‍ നോക്കിയ കോണ്‍ഗ്രസുമായി ഇനിയൊരു ബന്ധത്തിനുമില്ലെന്ന് ആവര്‍ത്തിക്കുന്ന കെഎം മാണിയും ജോസ് കെ മാണിയും കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം അധികം വൈകില്ലെന്നും ഉറപ്പിക്കുന്നുണ്ട്.

കോട്ടയം ജില്ലാപഞ്ചായത്തിലും തദ്ദേശഭരണസ്ഥാപനങ്ങളിലും കേരള കോണ്‍ഗ്രസിന് നല്‍കിയ ഉപാധിരഹിത പിന്തുണ വന്‍ വിജയമായിരുന്നുവെന്നാണ് ജില്ലയിലെ സിപിഎം നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യം ജില്ലാസെക്രട്ടറി അവതരിപ്പിക്കുന്ന പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിക്കുമെന്നുറപ്പ്. എന്നാല്‍ കെഎം മാണിയുടെ രാജിയ്ക്കായി സംസ്ഥാനമെമ്പാടും തങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങളും മാണിയുടെ വിവാദ ബജറ്റവതരണവുമൊന്നും അത്ര പെട്ടന്ന് മറന്നു പോകരുതെന്ന് ഓര്‍മിപ്പിക്കാന്‍ തന്നെയാണ് പ്രതിനിധികളില്‍ വലിയ വിഭാഗത്തിന്റെ തീരുമാനം. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ നേതൃത്വത്തിനെതിരെ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമുയരുക തന്നെ ചെയ്യും. എന്നാല്‍ കേരള കോണ്‍ഗ്രസിനെ കൂടെ ചേര്‍ക്കുന്നതിലുള്ള പാര്‍ട്ടിയുടെ നേട്ടത്തെക്കുറിച്ച് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയാകും സംസ്ഥാന നേതൃത്വം ഇതിനുള്ള മറുപടി നല്‍കുക. ഫലത്തില്‍ കെഎം മാണിയെ എല്‍ഡിഎഫിലെത്തിക്കുന്നതിനുള്ള സിപിഎമ്മിലെ പ്രാഥമിക ചര്‍ച്ചകള്‍ക്കും കോട്ടയം ജില്ലാസമ്മേളനം വേദിയാകും