അമേരിക്കന്‍ വിസ നിയമത്തിലെ പുതിയ ഭേദഗതികള്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരെ ദോഷകരമായി ബാധിക്കും: പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

0
55

 

തിരുവനന്തപുരം: അമേരിക്കയുടെ പുതിയ വിദേശ നയത്തിന്റെ ഭാഗമായി കൊണ്ടുവരുന്ന എച്ച് -1 ബി വിസയുമായി ബന്ധപ്പെട്ട ഭേദഗതികള്‍ അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുയര്‍ന്ന സാഹചര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. അമേരിക്കയില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഏഴരലക്ഷത്തോളം ഇന്ത്യാക്കാരെ ഈ തിരുമാനങ്ങള്‍ ഗുരുതരമായി ബാധിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഇന്ത്യയുടെ സമ്പദ്ഘടനയെ തന്നെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ടതിന്റെ ആവശ്യകത  ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എച്ച്- 1 ബി യുടെ പരമാവധി കാലാവധി ആറ് വര്‍ഷമായി നിജപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. ഈ നിയമം നിലവില്‍ വന്നാല്‍ ഗ്രീന്‍ കാര്‍ഡ് അപേക്ഷ നല്‍കി കാത്തിരിക്കുന്ന ആറു വര്‍ഷത്തില്‍ കൂടുതല്‍ അമേരിക്കയില്‍ താമസമാക്കിയിട്ടുള്ളവരും കുടുംബങ്ങളും നാട്ടിലേക്കു തിരിച്ചു വരേണ്ടിവരും.

അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് സംവിധാനം കാര്യക്ഷമമല്ലാത്തതു കാരണം അപേക്ഷ നല്‍കി 10 വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവര്‍ പോലും ഉണ്ട്. ഇവരെയെല്ലാം ഈ ഭേദഗതികള്‍ ഗുരുതരമായി ബാധിക്കുമെന്ന്  ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.
ഐ ടി മേഖലയെ അമിതമായി ആശ്രയിക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിന് ഇത് കടുത്ത ആഘാതമായിരിക്കും സൃഷ്ടിക്കുന്നത്. നമ്മുടെ സംസ്ഥാനത്തു ഒരു ലക്ഷം പേര്‍ക്ക് നേരിട്ടും ഏതാണ്ട് പത്തു ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നത് ഐ ടി മേഖലയാണ്. 1000 കോടിയിലേറെ വിദേശ വരുമാനമാണ് ഈ മേഖലയില്‍ നിന്നും കേരളത്തിന് ലഭിക്കുന്നത് .ഇതില്‍ 56 ശതമാനവും അമേരിക്കയില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഐ ടി മേഖലയില്‍ കടുത്ത പ്രതിസന്ധിയാകും അമേരിക്കയുടെ ഈ തീരുമാനം സൃഷ്ടിക്കുക എന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.