അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ 11 അടി ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യത

0
235

ദുബായി: അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ തിരമാലകള്‍ 11 അടി വരെ ഉയരത്തില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കുറച്ചു ദിവസങ്ങളായി മേഘം മൂടി നില്‍ക്കുന്ന നിലയിലാണ് ഗള്‍ഫ് മേഖല. ഇതേ തുടര്‍ന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കടല്‍ ക്ഷുഭിതമാകാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. പ്രധാനമായും ഒമാന്‍ കടലിനു സമീപം ബുധന്‍ മുതല്‍ വ്യാഴാഴ്ച വൈകിട്ടുവരെയാണ് മുന്നറിയിപ്പ്.

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമെന്നോണം യുഎഇയുടെ വിവിധ മേഖലകളില്‍ ബുധനാഴ്ച രാവിലെ ചാറ്റല്‍ മഴ അനുഭവപ്പെട്ടു. മൂടല്‍ മഞ്ഞോടെയാണ് യുഎഇ ഉണര്‍ന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള മൂടല്‍ മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും വ്യക്തമാക്കുന്നു.

വടക്കന്‍ മേഖലയില്‍ കാര്‍മേഘം കൂടുതല്‍ കാണപ്പെടുന്നതിനാല്‍ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയും അതിരാവിലെയും ഹ്യുമിഡിറ്റി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആഭ്യന്തര മേഖലകളില്‍ പരമാവധി താപനില 24 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞത് ഒന്‍പത് മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയും ആകുമെന്നാണ് പ്രവചനം.