ഈ സീസണില്‍ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം പകരാന്‍ ടൂറിസം വകുപ്പിന്റെ ‘ഉത്സവം 2018’

0
143

തിരുവനന്തപുരം: കേരളീയ കലാരൂപങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനും, അനുഷ്ഠാന-പരമ്പരാഗത-നാടന്‍കലാരൂപങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും വേണ്ടി കേരളീയതനതുകലകളുടെ പകര്‍ന്നാട്ടം എന്ന നിലയില്‍ ടൂറിസം വകുപ്പ് ജനുവരി 6 മുതല്‍ 12 വരെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി ‘ഉത്സവം 2018’ പരിപാടി സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ്മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉത്സവം പരിപാടിയെക്കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്തു വര്‍ഷമായി പൈതൃകകലകളുടെ ഉന്നമനത്തിനും പരിപോഷണത്തിനും വേണ്ടി കേരളംടൂറിസം വകുപ്പ് ഉത്സവം സംഘടിപ്പിച്ചു പോരുന്നുണ്ട്. ജില്ലാടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ മുഖേനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 14 വേദികളിലാണ് പരിപാടികള്‍ അവതരിപ്പിച്ചതെങ്കില്‍ ഈ വര്‍ഷം വേദികളുടെ എണ്ണം 28 ആയി ഉയര്‍ത്തിയിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമായി നടന്നു വന്ന ഫോക്ലോര്‍ ഉത്സവം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വേദികളുടെ എണ്ണം 14ല്‍ നിന്ന് 28 ആയി ഉയര്‍ത്തിയതെന്ന് കേരളംടൂറിസം ഡയറക്ടര്‍ ശ്രീ.പി.ബാലകിരണ്‍ ഐഎഎസ് പറഞ്ഞു. ഈ വര്‍ഷത്തെ ഉത്സവം പരിപാടികള്‍ക്കായി 2കോടി 32 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

കോല്‍ക്കളി, തെയ്യം, ഇരുള്‍നൃത്തം, ഗണബലി, പാണപൊറാട്ട്, കാക്കാരിനാടകം, ഭൂതനുംതിറയും, തിടമ്പ് നൃത്തം, പൂരക്കളി, പൂപ്പടതുള്ളല്‍, ദാരുക മയൂര നൃത്തം,ചിമ്മാനക്കളി, കോതാമൂരിയാട്ടം, തോല്‍പ്പാവക്കൂത്ത്, അയ്യപ്പന്‍ തീയ്യാട്ട്, നോക്ക്പാവവിദ്യ, നാടന്‍പാട്ട്, കനകനൃത്തം, മയിലാട്ടം എന്ന് തുടങ്ങി പൊറാട്ട്‌നൃത്തം, സംഘക്കളി, ഉടുക്ക്പാട്ട്, ഭദ്രകാളി തീയാട്ട്, സീതക്കളി, അഷ്ടപദിയാട്ടം, കണ്ടകര്‍ണ്ണന്‍തിറ, പാക്കനാരാട്ടം, ചെറുനീലിയാട്ടം,ചരടുപിന്നിക്കളി, തിരിയുഴിച്ചില്‍, പുള്ളുവന്‍പാട്ട്, വില്‍പ്പാട്ട്, ഓട്ടന്‍തുള്ളല്‍, ചവിട്ടുനാടകം, കളമെഴുത്തുംപാട്ടും, മുടിയാട്ടം തുടങ്ങി നൂറ്റമ്പതോളം കേരളീയ കലാരൂപങ്ങള്‍,മുന്നൂറ്റമ്പതില്പരം കലാപ്രകടനങ്ങള്‍,അയ്യായിരത്തിലധികം കലാകാരന്‍മാര്‍ എന്നിവ സംഗമിക്കുന്ന ഉത്സവം കേരളീയതനതുകലകളുടെ ഗംഭീരമായ പകര്‍ന്നാട്ട വേദികളായി മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഉത്സവം 2018ന്റെ ഉദ്ഘാടനം ജനുവരി 6 വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വച്ച് ബഹു.തുറമുഖപുരാവസ്തുവകുപ്പ്മന്ത്രി ശ്രീ.രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബഹു.സഹകരണ ടൂറിസം ദേവസ്വംവകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

ഈ വേദിയില്‍ വച്ച് പൈതൃകകലകള്‍ അവതരിപ്പിച്ചു വരുന്ന തെരെഞ്ഞെടുക്കപ്പട്ട 10 ആചാര്യന്മാരെ ആദരിക്കും. തുടര്‍ന്ന് 20 വ്യത്യസ്തമായ കേരളീയ പാരമ്പര്യ അനുഷ്ഠാന ആദിവാസി കലാരൂപങ്ങള്‍ കോര്‍ത്തിണക്കി 264 കലാകാരന്മാര്‍ അണിനിരക്കുന്ന ‘നവധ്വനി”എന്ന പരിപാടി ഫോക്ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കും. കലാസാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ വേദിയില്‍ സന്നിഹിതരാകും.

ടൂറിസം സീസണില്‍ സംഘടിപ്പിക്കപ്പെടുന്ന ഉത്സവം പരിപാടി വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വും ഊര്‍ജ്ജവും പകര്‍ന്നുതരുമെന്ന പ്രത്യാശയും ഇതോടൊപ്പം അദ്ദേഹം പങ്കുവച്ചു. അയ്യായിരത്തോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഉത്സവം 2018 ടൂറിസം മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.