ഐഎംഎ   പ്ലാന്റ് പാലോട് സ്ഥാപിക്കുന്നതില്‍  യോജിപ്പില്ലെന്ന് വാമനപുരം എംഎല്‍എ ഡി.കെ.മുരളി

0
75

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്ക്കരണ പ്ലാന്റ് പാലോട് സ്ഥാപിക്കുന്നതില്‍ യോജിപ്പില്ലെന്ന് വാമനപുരം എംഎല്‍എ ഡി.കെ.മുരളി 24 കേരളയോടു പറഞ്ഞു.

മാധവ് ഗാഡ്ഗില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഈ പ്ലാന്റ് വരുന്നത് അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്. ഈ സ്ഥലം ഞാന്‍ നേരിട്ട് പോയി കണ്ടിട്ടുണ്ട്. ചതുപ്പ് നിലമാണ്‌ ആ ഭൂമി. ഐഎംഎയുടെ കൈവശമുള്ള ഭൂമിയാണിത്.

മാലിന്യ സംസ്ക്കരണ പ്ലാന്റ് നമുക്ക് ആവശ്യം തന്നെയാണ്. മെഡിക്കല്‍ കോളേജുകള്‍ ഇവിടെ നിലനിന്നു പോകണമെങ്കില്‍ ഇത്തരം പ്ലാന്റ് വേണം. പക്ഷെ പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ പല ഘടകങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ചതുപ്പുനിലം നികത്തി നമുക്ക് മാലിന്യ പ്ലാന്റ് സ്ഥാപിക്കണോ എന്ന ചോദ്യം പ്രസക്തമാണ്.

അതുമാത്രമല്ല പൊതുജനാഭിപ്രായം ഈ പ്ലാന്റിന് എതിരാണ്. പൊതുജനങ്ങള്‍ പ്ലാന്റിന് എതിരായി നില്‍ക്കുമ്പോള്‍ അവിടെ പ്ലാന്റ് വരുന്ന കാര്യം സംശയാസ്പദമാണ്. പ്ലാന്റ് പരിശോധനകള്‍ നടന്നുവരികയാണ്. പക്ഷെ പൊതുജനാഭിപ്രായം ശക്തമായി ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ പാലോട് പ്ലാന്റ് വരാനുള്ള സാധ്യത കുറവാണ്.ചതുപ്പ് പ്രദേശം, ജനവാസ പ്രദേശം ഇങ്ങിനെ രണ്ടു ഘടകങ്ങള്‍ പ്ലാന്റിന് എതിരായി വരുന്നു-മുരളി പറയുന്നു.

ഐഎംഎയുടെ എട്ടേക്കറോളം വരുന്ന ഭൂമിയിലാണ് ആശുപത്രി മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്ന പ്ലാന്റ് വരുന്നത്. പ്ലാന്റിനെ കാര്യത്തില്‍ സര്‍ക്കാരിലും ഭിന്നാഭിപ്രായമുണ്ട്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്ലാന്റിന് അനുകൂലമായി നീങ്ങുമ്പോള്‍ വനംമന്ത്രി കെ.രാജു പ്ലാന്റിന് എതിരായി നീങ്ങുകയാണ്.

വളരെ ശാസ്ത്രീയമായി മുന്നോട്ട് പോകുന്നതാണ് ഐഎംഎ പ്ലാന്റ്. അവിടെ പറ്റില്ലാ എന്ന് പറയുമ്പോള്‍ പ്ലാന്റ് എങ്ങോട്ട് കൊണ്ട് പോകും-ആരോഗ്യമന്ത്രി ചോദിക്കുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് പ്ലാന്റ് വരുന്നത് എന്നാണ് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ പ്ലാന്റിനെ കാര്യത്തില്‍ പഠനം നടത്തേണ്ടതുണ്ട് എന്ന് വാദമാണ് വനംമന്ത്രി കെ.രാജു ഉയര്‍ത്തുന്നത്.