ഐ.എം.എ മാലിന്യ പ്ലാന്റ് പദ്ധതിയുമായി മുന്നോട്ട് പോകും: മന്ത്രി കെ.കെ.ശൈലജ

0
53


തിരുവനന്തപുരം: പാലോട് പെരിങ്ങമ്മല പഞ്ചായത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കാനൊരുങ്ങുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നേരത്തെ തന്നെ പ്ലാന്റിന് അനുമതി നല്‍കിയതാണെന്നും വനം വകുപ്പ് മന്ത്രി കൂടി പങ്കെടുത്ത യോഗത്തിലാണ് അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ വേറെ വഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

പരിസ്ഥിതി ലോല പ്രദേശത്ത് ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും ഐ.എം.എ പിന്‍മാറണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ശാസ്ത്രീയമായ മാലിന്യസംസ്‌കരണ രീതികളാണ് പ്ലാന്റില്‍ അവലംബിക്കുന്നതെന്നും ഇത് സംബന്ധിച്ച ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും എ.എം.എ സംസ്ഥാന ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിയ്ക്ക് പരിസ്ഥിതി പ്രവര്‍ത്തകരുടേയും സാമൂഹിക പ്രവര്‍ത്തകരുടെ പിന്തുണ വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ടാമത്തേതാണ് പെരിങ്ങമല മാലിന്യ സംസ്‌കരണ പദ്ധതി. 2004-ല്‍ പാലക്കാട് ആരംഭിച്ച സംസ്‌കരണ പ്ലാന്റ് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയായിരുന്നു. നിലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെയും മാലിന്യ സംസ്‌കരണം ഐ.എം.എയുടെ പാലക്കാട് പ്ലാന്റിലാണ് നടക്കുന്നത്.