ഒരു കുടുംബത്തിന് ഒരു കാര്‍ നയം; ഹര്‍ജി തള്ളി

0
49

ന്യൂഡല്‍ഹി: സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിന് ഒരു കാര്‍ എന്ന നയം രൂപവത്കരിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളി. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ അപക്വമാണെന്ന് ചൂണ്ടിക്കാട്ടി ആക്ടിങ് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് യു.ഡി.ശെല്‍വി അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

അഭിഭാഷകനായ സാജന്‍ കെ സിങ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം മനുഷ്യജീവന് കടുത്ത ഭീഷണി ഉയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഡല്‍ഹി വാതക ചേമ്പറായി മാറിക്കഴിഞ്ഞെന്നും അധികൃതരുടെ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 1981 നും 2001 നും ഇടയില്‍ രാജ്യതലസ്ഥാനത്തെ വാഹനങ്ങളുടെയെണ്ണം വന്‍തോതില്‍ വര്‍ധിച്ചതായും കണക്കുകള്‍ സഹിതം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.