കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം പരിശീലകനായി വീണ്ടും ഡേവിഡ് ജെയിംസ്‌

0
68

കൊച്ചി: റെനി മ്യൂളസ്റ്റീന്‍ രാജിവെച്ചൊഴിഞ്ഞ സാഹചര്യത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി ഡേവിഡ് ജെയിംസ് വീണ്ടുമെത്തുന്നു. തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൂടി ഇടപ്പെട്ടതോടെയാണ് ഡേവിഡ് ജെയിംസ് വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനാവാന്‍ തയ്യാറായതെന്നാണ് സൂചന. ഐ.എസ്.എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും മാര്‍ക്വീ താരവുമായിരുന്നു അദ്ദേഹം. അതേസമയം, പുതിയ കോച്ചിനെ നിയമിച്ചെങ്കിലും ടീമിന്റെ സഹപരിശീലകനായിരുന്ന തംഗ്‌ബോയി സിംഗ്‌തോയ്ക്ക് തന്നെയായിരിക്കും എഫ്.സി പൂനെ സിറ്റിക്കെതിരെയുള്ള മല്‍സരത്തില്‍ ടീമിന്റെ ചുമതല.

ഐ.എസ്.എല്‍ പകുതി സീസണ്‍ പൂര്‍ത്തിയായപ്പോഴും ടീം കാഴ്ചവ്വെയ്ക്കുന്ന മോശം പ്രകടനത്തെത്തുടര്‍ന്ന് റെനി മ്യൂളസ്റ്റീന്‍ രാജിവെയ്ക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് രാജിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍, ടീമിനുള്ളിലെ പ്രശ്‌നങ്ങളും ടീമിന്റെ മോശം പ്രകടനവുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റും യൂത്ത് ടീം പരിശീലകനുമായിരുന്ന മ്യൂളസ്റ്റീനെ ഏറെ പ്രതീക്ഷകളോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വരവേറ്റത്. എന്നാല്‍, നിലവില്‍ കളിച്ച ഏഴ് മല്‍സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത്. ഏഴ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ എട്ടാമതാണ് ബ്ലാസ്റ്റേഴ്‌സിപ്പോള്‍.