കൊച്ചി വിമാന സര്‍വ്വീസ് 15ന് ആരംഭിക്കാന്‍ തയ്യാറെടുത്ത് ജസീറ എയര്‍വേയ്‌സ്‌

0
52

കുവൈത്ത് സിറ്റി: കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിക്കാന്‍ തയ്യാറായി കുവൈത്തിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയര്‍വേയ്‌സ്. ജനുവരി 15 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. മറ്റു വിമാനക്കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ യാത്രസൗകര്യമൊരുക്കുമെന്ന് കമ്പനി സി.ഇ.ഒ രോഹിത് രാമചന്ദ്രന്‍ ‘ഗള്‍ഫ് മാധ്യമം’, ‘മീഡിയ വണ്‍’ എന്നിവക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. കുറഞ്ഞ ചെലവില്‍ സുഖകരവും സൗകര്യപ്രദവുമായ യാത്ര ലഭ്യമാക്കും. 34 ദീനാര്‍ മുതല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന ബജറ്റ് സര്‍വിസ് കുവൈത്തിലെ പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസകരമാവും. ആഴ്ചയില്‍ നാലു ദിവസമാണ് തുടക്കത്തില്‍ സര്‍വിസുണ്ടാവുക. എന്നാല്‍, വൈകാതെത്തന്നെ പ്രതിദിന സര്‍വിസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രോഹിത് രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വൈകീട്ട് എട്ട് മണിക്ക് കുവൈത്തില്‍ നിന്ന് പുറപ്പെടുകയും പുലര്‍ച്ചെ 12.30ന് തിരിച്ചെത്തുകയും ചെയ്യുന്ന വിധത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെടുത്താതെ കുവൈത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനുള്ള സൗകര്യത്തിനാണ് ഇത്. ഇക്കോണമി യാത്രക്കാര്‍ക്ക് 30 കിലോയും ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 40 കിലോയും ബാഗേജ് അനുവദിക്കും. കണ്ണൂര്‍ വിമാനത്താവളം സജ്ജമായാല്‍ അവിടേക്കും ജസീറയുടെ സര്‍വ്വീസ് ഉണ്ടാവും.