തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും പഞ്ചിംഗ് ഏര്‍പ്പെടുത്തുമെന്ന് എ.പത്മകുമാര്‍

0
261

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഏര്‍പ്പെടുത്തിയപോലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും  പഞ്ചിംഗ് ഏര്‍പ്പെടുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബോര്‍ഡിലെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒപ്പം ഡ്യൂട്ടി സമയവും  സെക്രട്ടറിയേറ്റ് പോലെ കര്‍ശനമാക്കുകയാണ്. ഒ

ദേവസ്വം ബോര്‍ഡിലെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്ക്കരണ പദ്ധതിയ്ക്കും ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതായും പത്മകുമാര്‍ പറഞ്ഞു. മകരവിളക്ക് കഴിഞ്ഞാല്‍ ദേവസ്വം ബോര്‍ഡ്‌ ജീവനക്കാരുടെ യോഗം വിളിച്ചു ചേര്‍ക്കും.

ദേവസ്വം ബോര്‍ഡില്‍ നിലനില്‍ക്കുന്ന പകരം വ്യവസ്ഥ ഒഴിവാക്കാനും ബോര്‍ഡ് തീരുമാനിച്ചു. അധികജീവനക്കാര്‍ ദേവസ്വം ബോര്‍ഡ്‌ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്നത് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ അധിക ജീവനക്കാരോടും മുന്‍പ് ജോലി ചെയ്ത ദേവസ്വം ഓഫീസുകളിലേക്ക് തിരികെ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പകരം വ്യവസ്ഥ വഴി ഒട്ടനവധി ജീവനക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ തുടരുന്നത് ശ്രദ്ധയില്‍ പെട്ടതിനാണ് നടപടി. ഒരു ജീവനക്കാരന്‍  പകരം വ്യവസ്ഥ വഴി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വരുമ്പോള്‍, മറ്റിടത്തേക്ക് നീങ്ങുമ്പോള്‍ ആ ഓഫീസില്‍ വേറെ ജീവനക്കാരനെ നിയമിക്കേണ്ടി വരുന്നു. ഇത് ബോര്‍ഡിന് അധിക ബാധ്യതയാണ്.

അധികം ജീവനക്കാരെ പഴയ ലാവണങ്ങളിലേക്ക് തിരിച്ചയക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിനു ഒരു വര്‍ഷം ലാഭിക്കാവുന്ന 37 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിലാണ് എന്ന് ബോര്‍ഡ്‌ അവലോകനത്തില്‍ വ്യക്തമായിട്ടുണ്ട്. 110 ഓളം ബോര്‍ഡ് ആസ്ഥാനത്ത് നിന്നും തിരിച്ചയച്ചിട്ടുണ്ട്. ചിലര്‍ ഈ തീരുമാനത്തിന്നെതിരെ കോടതിയെ   സമീപിച്ചിട്ടുണ്ട്.

വനം വകുപ്പും ദേവസ്വം ബോര്‍ഡും ശബരിമലയില്‍ നിലനില്‍ക്കുന്ന  ഭൂമി പ്രശ്ണങ്ങള്‍ തീര്‍ക്കാന്‍ നടപടി എടുത്തിട്ടുണ്ട്. ശബരിമലയില്‍ റോപ് വേ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ശബരിമലയിലെ വിപ്ലവകരമായ തീരുമാനമാണ് നാല് കിലോമീറ്റര്‍ നീളം വരുന്ന ഈ റോപ് വേ. പമ്പ മുതല്‍ സന്നിധാനം വരെയാണ് റോപ് വേ വരുന്നത്.

പ്രധാനമായും സന്നിധാനത്ത് സാധനങ്ങള്‍ എത്തിക്കാനാണ് റോപ് വേ ഉപയോഗപ്പെടുത്തുക. രണ്ടു വര്‍ഷം കൊണ്ട് റോപ് വേ പൂര്‍ത്തീകരിക്കാനാണ് ബോര്‍ഡ്‌ ശ്രമിക്കുന്നത്. ശബരിമല ഭസ്മത്തെക്കുറിച്ചും പനിനീരിനെക്കുറിച്ചും പരാതിയുണ്ട്.

ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തരാണ് ഭസ്മത്തിന്റെ ദൂഷ്യവശങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഭസ്മവും പനിനീരും സന്നിധാനത്ത് എത്തിക്കുന്ന രീതിയില്‍ പാകപ്പിഴകളുണ്ടോ എന്ന് ബോര്‍ഡ് നേരിട്ട് പരിശോധിക്കുന്നുണ്ട്. എന്തായാലും മികച്ച ഭസ്മവും പനിനീരും ശബരിമലയില്‍ നിന്നും നല്‍കാന്‍ നടപടി സ്വീകരിക്കും-പത്മകുമാര്‍ പറഞ്ഞു.