പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാഭീഷണി; ക്യാമറകള്‍ മുഴുവന്‍ നിശ്ചലം; 727 തടവുകാരുടെ സ്ഥാനത്ത് 1259 തടവുകാര്‍

0
117

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: അതീവ സുരക്ഷ ആവശ്യമായ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാഭീഷണി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ക്യാമറകള്‍ നിശ്ചലമാണ്. തടവുപുള്ളികളെ നിരീക്ഷാന്‍ ആവശ്യമായ ജയില്‍ ജീവനക്കാറുടെ അഭാവം ജയിലില്‍ പ്രകടമായിരിക്കെയാണ് ക്യാമറകളും പ്രവര്‍ത്തന രഹിതമായിരിക്കുന്നത്.

കൊടും ക്രിമിനലുകള്‍ അടക്കം 1259 തടവുപുള്ളികള്‍ ഉള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഈ അവസ്ഥ നിലനില്‍ക്കുന്നത്. 727 തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ കഴിയുന്ന പൂജപ്പുര ജയിലില്‍ നിലവില്‍ ഉള്ളത് 1259 പേരാണ്. അതായത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും ഇരട്ടിയിലേറെ തടവുകാര്‍ നിലവില്‍ പൂജപ്പുരയിലുണ്ട്.

നിശ്ചലമായ ക്യാമറകളുടെ കാര്യം തിരക്കിയപ്പോള്‍ എന്ത് ചെയ്യണമെന്നു ഒരു പിടിയുമില്ലെന്നു അധികൃതര്‍ പ്രതികരിക്കുന്നു. കാരണം ജയില്‍ സുരക്ഷയില്‍ അതീവ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഒന്നാണ് തടവുകാരെ നിരീക്ഷിക്കാനുള്ള ക്യാമറകള്‍. തടവുകാരെ നിരീക്ഷിക്കാന്‍ ജയിലില്‍ സ്ഥാപിച്ച 88 ക്യാമറകളില്‍ ഒന്ന് പോലും പ്രവര്‍ത്തനക്ഷമമല്ല.

തടവുകാരില്‍ കാണുന്ന അനഭിലഷണീയമായ പ്രവണതകള്‍ നിരീക്ഷിക്കാനും ജയില്‍ ബ്ലോക്കുകളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ വേണ്ടിയാണ് ജയില്‍ ബ്ലോക്കുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചത്. ക്യാമറകള്‍ പ്രവര്ത്തന രഹിതമായതോടെ ജയിലില്‍ നടക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് ഒരു പിടിയുമില്ല.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടരുന്ന ജീവനക്കാരുടെ കടുത്ത ക്ഷാമം പരിഹരിക്കാന്‍ ഒരു പരിധിവരെ ജയില്‍ അധികൃതരെ തുണച്ച ക്യാമറകള്‍ ആണ് പ്രവര്‍ത്തന രഹിതമായിരിക്കുന്നത്. തടവുകാരെ കൃത്യമായി നിരീക്ഷിക്കുകയും

സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നത് ക്യാമറകള്‍ വഴിയാണ്. തടവുകാരിലെ നിയമലംഘനങ്ങള്‍ കണ്ടുപിടിച്ചിരുന്നത് ക്യാമറകള്‍ വഴിയാണ്. ഏഴു ബ്ലോക്കുകളിലാണ് ക്യാമറകള്‍ ജയിലില്‍ സ്ഥാപിച്ചിരുന്നത്. ഈ ക്യാമറകള്‍ ആണ് ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തനരഹിതമായിരിക്കുന്നത്.

2011-ല്‍ കെല്‍ട്രോണ്‍ ആണ് സ്ഥാപിച്ചത്. മൂന്നു വര്‍ഷം കെല്‍ട്രോണ്‍ അത് ഭംഗിയായി പരിപാലിച്ചു. 2014 വരെ ക്യാമറകളുടെ ശോഭനകാലമായിരുന്നു. സര്‍വീസ് പിരീഡ് ദീര്‍ഘിപ്പിക്കാന്‍ വലിയ തുകയാണ് കെല്‍ട്രോണ്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടത്. അത് നല്‍കാന്‍ കഴിയില്ലാ എന്ന് മനസിലായപ്പോള്‍ പിന്നെ സിഡ്കോയെ ഏല്‍പ്പിച്ചു.

കുറച്ചു കൂടി മിതമായ റേറ്റ് ഈടാക്കി സിഡ്കോയും അത് നല്ല രീതിയില്‍ പരിപാലിച്ചു. 2015 ഡിസംബറില്‍ അവരുടെ സര്‍വീസ് പിരീഡ് അവസാനിച്ചു. 33 ഓളം ക്യാമറകള്‍ ഇതിന്നിടയില്‍ മാറ്റി വയ്ക്കേണ്ട ആവശ്യം വന്നു. അതോടെ 33 ക്യാമറകള്‍ ഇല്ലാത്ത അവസ്ഥ വന്നു. കാലാവധി കഴിഞ്ഞാപ്പോള്‍ സര്‍വീസ് കാലയളവ് ദീര്‍ഘിപ്പിക്കാന്‍ സിഡ്കോയും താത്പര്യം കാണിച്ചില്ല.

അതിന്നിടയില്‍ യുപിഎസ് കേടായി. 2016 ഏപ്രില്‍ മാസം മുതല്‍ 88 ക്യാമറകളും നിശ്ചലമായി. ഒന്ന് രണ്ടു തവണ ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് അധികൃതര്‍ ഇ ടെന്‍ഡര്‍ വിളിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. റീ ടെന്‍ഡര്‍ വീണ്ടും വിളിച്ചതായി ജയില്‍ ഐജി ഗോപകുമാര്‍ 24 കേരളയോടു പ്രതികരിച്ചു. പക്ഷെ പുതിയ ക്യാമറകള്‍ എന്ന് വരുമെന്ന് പിടിയില്ലെന്നു പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സന്തോഷ്‌ സൂപ്രണ്ട് 24 കേരളയോടു പറഞ്ഞു.

പൂജപ്പുര സെന്‍ട്രലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട പ്രവര്ത്തിക്കേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നുവെന്നു പൂജപുര ജയിലിലെ നിലവിലെ സുരക്ഷാ ഭീഷണി തെളിയിക്കുന്നു.