പ്രതിപക്ഷ ബഹളം; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

0
49

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് മുത്താലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്ലിനെച്ചൊല്ലി ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിയുന്നതായി ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ അറിയിച്ചു. അതേസമയം ബില്‍ നാളെ വീണ്ടും രാജ്യസഭയില്‍ അവതരിപ്പിക്കും.

മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. ആവശ്യമുന്നയിച്ച് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പ്രമേയം അവതരിപ്പിച്ചതോടെയാണ് ബഹളം ആരംഭിച്ചത്. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്‌വാദവും ഉണ്ടായി.

ലോക്‌സഭയില്‍ പിന്തുണച്ച ബില്ലിനെ രാജ്യസഭയില്‍ എതിര്‍ക്കുന്നത് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു.ബില്‍ അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന്റെ പ്രമേയം ചട്ടവിരുദ്ധമാണ്. സെലക്ട് കമ്മിറ്റിക്ക് വിടണമെങ്കില്‍ ഒരു ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നും അല്ലാതെ പ്രതിപക്ഷത്തിന്റെ സൗകര്യത്തിന് കമ്മിറ്റി രൂപികരിക്കാനാവില്ലെന്നും ജെയ്റ്റലി പറഞ്ഞു. ജയ്റ്റലിയുടെ ഈ പ്രസ്താവനയാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.