ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ളത് നിര്‍ണായക മല്‍സരങ്ങള്‍

0
61

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ളത് നിര്‍ണായക മല്‍സരങ്ങള്‍. 10 ടീമുകളുള്‍പ്പെടുന്ന ഐഎസ്എല്ലില്‍ എട്ടാംസ്ഥാനത്തു നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് സെമി സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള കളികള്‍ പ്രധാനപ്പെട്ടതാണ്. 2018ലെ ആദ്യ മല്‍സരത്തില്‍ പൂനെ സിറ്റിയുമായാണ് മഞ്ഞപ്പട പോരാടുന്നത്. വ്യാഴാഴ്ച രാത്രി എട്ടിന് കൊച്ചിയിലാണ് മല്‍സരം. പുതുവര്‍ഷത്തലേന്ന് ബംഗളൂരു എഫ്സിയോട് 1-3ന് തോറ്റതിന് ശേഷം ബ്ലാസ്റ്റേഴ്സ് ഒരിക്കല്‍ക്കൂടി സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത്.

ഏഴു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഏഴു പോയിന്റ് മാത്രമാണ് മഞ്ഞപ്പടയ്ക്കു നേടാന്‍ കഴിഞ്ഞത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ഒരു മല്‍സരത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. രണ്ടെണ്ണത്തില്‍ വന്‍ മാര്‍ജിനില്‍ തോറ്റ ബ്ലാസ്റ്റേഴ്സ് നാലു കളികളില്‍ സമനിലയും വഴങ്ങിയിരുന്നു. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് റെനെ മ്യുളെന്‍സ്റ്റീനിനെ ചൊവ്വാഴ്ച പരിശീലകസ്ഥാനത്തു നിന്നു പുറത്താക്കിയ ശേഷം ബ്ലാസ്റ്റേഴ്സ് കളിക്കുന്ന ആദ്യ മല്‍സരം കൂടിയാണ് പൂനെയ്ക്കെതിരേയുള്ളത്.

താല്‍ക്കാലികമായുള്ള പുതിയ കോച്ച് താങ്ബോയ് സിങ്തോയ്ക്ക് കീഴില്‍ ബ്ലാസ്റ്റേഴ്സ് ആദ്യമായി ഇറങ്ങുന്ന മല്‍സരമെന്ന പ്രത്യേകത ഈ കളിക്കുണ്ട്. നേരത്തേ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന തോങ്ബോയ് സിങ്തോയ്. പരാജയപ്പെട്ട മ്യുളെന്‍സ്റ്റീനിന്റെ ശൈലിക്കു പകരം സിങ്തോ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചാവും സ്വന്തം ആരാധകര്‍ക്ക് മുന്നിലെത്തുകയെന്നാണ് സൂചന. ടീം ലൈനപ്പിലും മാറ്റങ്ങളുണ്ടായേക്കും. അന്തിമ ഇലവനെക്കുറിച്ചോ തന്റെ ശൈലിയെക്കുറിച്ചോയൊന്നും സിങ്തോ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മ്യുളെന്‍സ്റ്റീനിനെ പകരം ചുമതലയേറ്റ അദ്ദേഹത്തിന് പൂനെയ്ക്കെതിരേ ടീമിനെയൊരുക്കാന്‍ ലഭിച്ചത് രണ്ടു ദിവസം മാത്രമാണ്.

സീസണില്‍ ടീമിന്റെ ടോപ്സ്‌കോററും ആരാധകര്‍ക്കു പ്രിയങ്കരനുമായ സികെ വിനീത് തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാവാന്‍ സാധ്യതയില്ല. ബെംഗളൂരു എഫ്സിക്കെതിരേ 3-1ന് നടന്ന കഴിഞ്ഞ കഴിയുടെ തലേ ദിവസമാണ് വിനീതിനു പരിക്കുപറ്റിയത്. താന്‍ ഇപ്പോഴും പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നും വൈകാതെ തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും ട്വിറ്റര്‍ പേജിലൂടെ വിനീത് ആരാധകരെ അറിയിച്ചു കഴിഞ്ഞു.

ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കന്‍ സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്നതാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രധാന പ്രശ്നം. അവസാന രണ്ടു കളികളിലും എതിര്‍ ടീമിന്റെ പെനാല്‍റ്റിക്കു വഴിവച്ചത് ജിങ്കനായിരുന്നു. സസ്പെന്‍ഷന്‍ മൂലം നെമഞ്ജ ലാക്കിച്ച് പെസിച്ചിന് വ്യാഴാഴ്ച പുറത്തിരിക്കേണ്ടിവരുന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും. തുടര്‍ച്ചയായി രണ്ടു കളികളില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചതാണ് അദ്ദേഹത്തിന്റെ സസ്പെന്‍ഷനു കാരണം.

എട്ടു മല്‍സരങ്ങള്‍ കളിച്ച പൂനെയ്ക്ക് അഞ്ചെണ്ണത്തിലും ജയിക്കാന്‍ കഴിഞ്ഞു. മൂന്നു കളികളില്‍ പരാജയപ്പെടുകയായിരുന്നു. 15 പോയിന്റോടെ പൂനെ ടൂര്‍ണമെന്റില്‍ രണ്ടാംസ്ഥാനത്തുണ്ട്. ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാല്‍ ചെന്നൈയ്ന്‍ എഫ്സിയെ പിന്തള്ളി ഒന്നംസ്ഥാനത്തേക്കു കയറാന്‍ പൂനെയ്ക്കാവും.