മഹാരാഷ്ട്രയില്‍ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ വ്യാപക അക്രമം

0
35

ന്യൂഡല്‍ഹി: മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ദളിത് മറാഠാ വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷം രൂക്ഷമാകുന്നു. സംഘര്‍ഷത്തോടനുബന്ധിച്ച് ദളിത് സംഘടനകള്‍ ബുധനാഴ്ച മഹാരാഷ്ട്രയില്‍ നടത്തിയ ബന്ദില്‍ വ്യാപക അക്രമം ഉണ്ടായി. സമരക്കാര്‍ തീവണ്ടികള്‍ തടയാന്‍ ശ്രമിച്ചു. മുംബൈയുടെ മറ്റ് ഭാഗങ്ങളിലും മെട്രോ തീവണ്ടികള്‍ക്കെതിരേയും മറ്റ് വാഹനങ്ങള്‍ക്കെതിരേയും അക്രമം ഉണ്ടായി.

ബന്ദ്രയിലെ രണ്ട് പ്രധാന റോഡുകള്‍ ഉപരോധിച്ച സമരക്കാര്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും വാഹനങ്ങള്‍ നിരത്തിലിറങ്ങാതെ തടയുകയും ചെയ്തു. പോലീസ് വിവിധ ഭാഗങ്ങളിലൂടെ വാഹനങ്ങള്‍ തിരിച്ച് വിട്ടത് കാരണം പല സ്ഥലങ്ങളിലും ഗതാഗത തടസ്സമുണ്ടായി. 13 ബസ്സുകളാണ് സമരക്കാര്‍ തല്ലി തകര്‍ത്തത്. നാഗ്പുര്‍, പൂണെ, ബരാമട്ടി എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. മിക്കയിടങ്ങളിലും കടകള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടന്നു. സ്‌കൂളുകളും ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. ഇതിനിടെ, ദളിത്‌
സംഘടനകള്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ബന്ദ് പിന്‍വലിച്ചു.

തിങ്കളാഴ്ച പൂണെയ്ക്കടുത്ത് ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗക്കാര്‍ക്കു നേരെ മറാഠാ വിഭാഗക്കാര്‍ നടത്തിയ അക്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതിനിടെ 26കാരന്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷം വ്യാപിച്ചു. തുടര്‍ന്ന് ദളിത് വിഭാഗക്കാര്‍ ബുധനാഴ്ച ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു.