ശബരിമല ശ്രീധർമശാസ്താ ക്ഷേത്രമെന്ന പേര് പുന:സ്ഥാപിച്ചതായി എ.പത്മകുമാർ; പേര് മാറ്റിയ ബോര്‍ഡ് തീരുമാനം റദ്ദ് ചെയ്തു

0
111

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീധർമശാസ്താ ക്ഷേത്രമെന്ന് പുനസ്ഥാപിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്റ് എ.പത്മകുമാർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ശബരിമല ക്ഷേത്രത്തിനു ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്ന് പേര് നല്‍കിയ മുന്‍ ദേവസ്വം ബോര്‍ഡ്‌ തീരുമാനം റദ്ദ് ചെയ്തതായും പത്മകുമാര്‍ പറഞ്ഞു.

ശബരിമല ക്ഷേത്രത്തിനു ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്ന പേര് നല്‍കിയ മുന്‍ ദേവസ്വം ബോര്‍ഡ്‌ തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. വളരെ ധൃതിപ്പെട്ട് ആലോചനയില്ലാതെ നടപ്പിലാക്കിയ തീരുമാനമായിരുന്നു അത്. ഇതാണ് ഈ ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തലും.

ശബരിമലയ്ക്ക് പൂര്‍വപിതാക്കള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നല്‍കിയ പേരാണ് ശ്രീധർമശാസ്താ ക്ഷേത്രം. കാലങ്ങളായി ഉള്ള പേരാണ് അത്. അതൊന്നും അങ്ങിനെ മാറ്റുന്നത് ശരിയല്ലെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമലക്ഷേത്രത്തിന്റെ പേര് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം എന്ന് നാമകരണം ചെയ്ത  ദേവസ്വം ബോര്‍ഡ്‌ യോഗത്തില്‍ ഉണ്ടായിരുന്ന ഇപ്പോഴത്തെ അംഗം കെ.രാഘവന്‍ അന്ന് തന്നെ തീരുമാനത്തെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ ശബരിമല ക്ഷേത്രത്തിന്റെ പേര് പഴയതുപോലെ ശ്രീധർമശാസ്താ ക്ഷേത്രമെന്ന് മാറ്റിയിട്ടുണ്ട്. പത്മകുമാര്‍ പറഞ്ഞു.

പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെയാണ് കഴിഞ്ഞ വർഷം ചേർന്ന ബോർഡ് യോഗത്തില്‍ ശബരിമല ക്ഷേത്രത്തിന്റെ പെരുമാറ്റിയുള്ള വിവാദ തീരുമാനം വരുന്നത്.

ശാസ്താവും അയ്യപ്പനും രണ്ടാണെന്നും ശബരിമലയിലെ പ്രതിഷ്ഠ അയ്യപ്പസ്വാമിയാണെന്നും ശ്രീ ധർമശാസ്താ ക്ഷേത്രം എന്ന പേര് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമുള്ള വിശദീകരണത്തോടെയാണ് പേര് മാറ്റണമെന്നു അന്നത്തെ യോഗം തീരുമാനിച്ചത്.

ദേവസ്വം അംഗം കെ.രാഘവന്‍ അന്ന് തീരുമാനത്തിനെ എതിര്‍ക്കുകയും ഈ തീരുമാനം ഇടത് സര്‍ക്കാര്‍ തള്ളുകയും ചെയ്തിരുന്നു. സര്‍ക്കാരിനോട് ഈ കാര്യം ദേവസ്വം ബോര്‍ഡ് ആലോചിച്ചിട്ടില്ലാ എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.

ചരിത്ര പ്രാധാന്യമുള്ള ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റുന്നതു പരിഗണനയിലില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.